അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതല്ല പ്രളയകാരണം; ലേഖനത്തിലെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഭാഗം നാസ നീക്കം ചെയ്തു

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് വ്യാഖ്യാനിക്കപ്പെട്ട നാസയുടെ റിപ്പോര്‍ട്ടില്‍ തിരുത്തല്‍. ഇതു സംബന്ധിച്ച് പുറത്തു വിട്ട ലേഖനത്തിലെ ഭാഗം നാസയുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കി. നാസയുടെ കീഴിലുള്ള എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗമാണ് എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്.

പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസ റിപ്പോര്‍ട്ട് ചെയ്‌തെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമായത് കനത്ത മണ്‍സൂണ്‍ മഴയാണെന്നാണ് എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റിലെ ലേഖനം പറയുന്നത്. അസാധാരണമായി പെയ്ത മഴയാണ് 1924നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് 164 ശതമാനം അധിക മഴയാണെന്നും ഉപഗ്രസഹായത്തോടെ ലഭ്യമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ തുടക്കത്തില്‍ത്തന്നെ 42 ശതമാനം അധികം മഴ കേരളത്തില്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് എട്ടു മുതല്‍ രൂക്ഷമായിത്തീര്‍ന്ന മഴ എട്ടു മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അസാധാരണമായി വര്‍ധിച്ചു. ഓഗസ്റ്റിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ ഇത് 164 ശതമാനമായി ഉയര്‍ന്നതായും ലേഖനത്തില്‍ പറയുന്നു.

ഇന്റഗ്രേറ്റഡ് മള്‍ട്ടിസാറ്റലൈറ്റ് റിട്രൈവല്‍സ് (ഐഎംഇആര്‍ജി) പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് മഴ സംബന്ധിച്ച വിവരങ്ങള്‍ നാസ രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെയും കേരള സര്‍ക്കാരിന്റേത് അടക്കമുള്ള വെബ്‌സൈറ്റുകളും നാസ പരിശോധിച്ചിരുന്നു. മ്യാന്‍മര്‍ അടക്കമുള്ള തെക്കുകിഴക്കേ ഏഷ്യയിലെ പല മേഖലകളിലും പൊതുവെ ഇക്കാലയളവില്‍ കനത്ത മഴ പെയ്തതായും നാസയുടെ ലേഖനം പറയുന്നുണ്ട്.

കേരളത്തിലെ അണക്കെട്ടുകള്‍ തുറക്കാന്‍ വൈകിയതാണ് പ്രളയത്തിന് കാരണമെന്ന് നാസയിലെ ഗവേഷകന്‍ സുജയ് കുമാറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ നാസയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ഇത്തരമൊരു ഭാഗം ഇപ്പോള്‍ ഇല്ല. മാത്രമല്ല, വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പഠന റിപ്പോര്‍ട്ടുമല്ല എന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.