പിതാസ്തുതി (കവിത )

ഭാരതി വേലായുധൻ

ഒരു കൊച്ചു തൂലികയാലൊരീ താളിൽ
എഴുതട്ടെ ഞാനെൻ കൊച്ചു വരികളെ
ഒരു മഹാ കാവ്യമല്ല ഒരു നുണ-
ക്കഥയുമല്ല ഹൃദയസരസു തൻ
ആഴത്തിൽ നിന്നുതിരും സ്നേഹപാത്രമാകു-
മൊരു ഗീതമായൊഴുകും പിതാസ്തുതി
ബിരുദമില്ല,സാക്ഷ്യപത്രവുമില്ല
എങ്കിലും അറിവിന്റെ സാഗരമാണച്ഛൻ
തച്ചുശാസ്ത്ര വിദഗ്ധനല്ലോ
ഘടികാരമന്ന്യേ സമയമറിയാൻ
മരത്തിൽ പണിയും
തച്ചനാൽ തീർത്തൊരീയന്ത്രവും
അതി വിചിത്രമല്ലോ
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം
എന്താന്നതുനോക്കി ചൊല്ലാനാവുമത്രെ
ആധുനികാതെ വിഴുങ്ങിയ ലോകം
ഈ സത്യത്തെയും പുച്ഛിച്ചുതള്ളാം
നിദ്രയിൽ തൊട്ടുണർത്തീടുമെന്നാകിലും
ഏതു സമസ്യക്കുമുത്തരമേകിടും
എന്നിലുയരും സമസ്യ സത്യമാകാം
പെരുന്തച്ചനു തുല്യനോ മൽപിതാവും .
രാമായണം മനഃപാഠമാണത്രയും
ഭാഗവതവും ഹൃദുസ്തവുമാണിതു്
നാക നരകങ്ങൾ ജീവിതത്തിൽത്തന്നെ-
യാണെന്ന് ചൊല്ലി പഠിപ്പിച്ചതച്ഛനും
തീർത്ഥാടനമന്യേ പുണ്യം ലഭിച്ചെന്നു
നാട്ടാര് ചൊല്ലി പുകഴ്ത്തിയെന്നച്ഛനെ
എന്നിലെ ജീവനം വന്ദ്യ പിതാവുതൻ
പ്രതിരൂപമായതാണെൻ ജന്മപുണ്യം
പ്രകാശിതമാകാത്ത ഗ്രന്ഥം കണക്കെ
ഇനിയുമുണ്ടോരോരോ ജന്മമീ ഭൂമിയിൽ…