പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ബിഗ് സല്യൂട്ട്

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ സമ്മേളനം ആരംഭിച്ചത്. പ്രളയത്തില്‍ മരിച്ചവര്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. പ്രളയക്കെടുതിയില്‍ ധനസഹായം നല്‍കിയവരെ അനുമോദിച്ചു.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്‍സൂണിന്റെ അവസാനം മഹാപ്രളയമായി മാറി. ഒരു ജനതയുടെ എല്ലാം നഷ്ടമായി. പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 14 പേരെ കാണാതായി. 140 പേര്‍ ചികിത്സയിലുണ്ട്. 14.5 ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു. 305 ക്യാമ്പുകളിലായി ഇന്ന് 16,767 കുടംബങ്ങളിലായി 59,296 പേരുണ്ട്.

സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയ നഷ്ടമുണ്ടായി. കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ക്രിയാത്മകമായ ചര്‍ച്ചയ്ക്കായാണ് നിയമസഭ സമ്മേളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കിയതിനേക്കാള്‍ മൂന്നിരട്ടി മഴ പെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹുജനങ്ങളെയും രംഗത്തിറക്കി. കേന്ദ്രസേനകളുടെയും സൈന്യത്തിന്റെയും സേവനം യഥാസമയം തേടി. ഇത് മരണസംഖ്യ കുറച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി.57,000 ഹെക്ടര്‍ കൃഷി നശിച്ചു. 82 ഡാമുകളും നിറഞ്ഞു കവിഞ്ഞു. ചിലയിടത്ത് നദി വഴിമാറിയൊഴുകി.

പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

4400 കേന്ദ്ര സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 40,000 പൊലീസുകാരും 3200 ഫയര്‍ഫോഴ്‌സ് അംഗങ്ങളും പങ്കാളികളായി. വിവിധ സേനാവിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിക്കാന്‍ കഴിഞ്ഞു. ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പുരോഗമിക്കുകയാണ്. ദുരിതാശ്വാസത്തിലെ യുവജന പങ്കാളിത്തം ശ്രദ്ധേയമാണ്.

കേന്ദ്രചട്ടപ്രകാരം 3800 രൂപയാണ് ദുരിതബാധിതന് നല്‍കാനാവുക. ദുരിതാശ്വാസ നിധിയില്‍ നിന്ന് 6200 രൂപ കൂടി ഓരോരുത്തര്‍ക്കും അധികം നല്‍കി.പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുകയാണ് ആദ്യ ദൗത്യം. ഓരോ മലയാളിയും കേരളത്തിനായി അണിനിരക്കുന്ന സാഹചര്യം ഉണ്ട്. സാലറി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.