ജലന്ധര്‍ ബിഷപ്പിന് അന്വേഷണ സംഘം നോട്ടീസ് നല്‍കും; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കും

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കുക. ബിഷപ്പിന്റെ മൊഴിയില്‍ ഇരുപതോളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച്ച. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചു. ഇന്ന് വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്പിക്കും ഡിവൈഎസ്പിക്കും നിര്‍ദ്ദേശം ലഭിച്ചു. കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍ അന്വേഷണസംഘത്തെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കന്യാസ്ത്രീ മൊഴികളില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. അന്തിമ റിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണച്ചുമതല ഒഴിയാനും ആലോചനയുണ്ട്.

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളത്രയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. 2014- 16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിന് സന്ദര്‍ശക രജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണ് ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.

ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കി. ബിഷപ്പിന്റെ മൊഴി കൂടി പരിശോധിച്ച ശേഷം നടപടി മതിയെന്നായിരുന്നു വിശദീകരണം. കേരളത്തില്‍ തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തി.

കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മെയ് അഞ്ചിന് കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ മുക്കാല്‍ഭാഗവും തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷുള്ളത്. സെപ്റ്റംബര്‍ പത്തിന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പി കൈമാറും.