5000 കോടിയുടെ വായ്പാ തട്ടിപ്പ്; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: 5000 കോടിയുടെ വായ്പാ തട്ടിപ്പു നടത്തി ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശര നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വീറ്റ്. വായ്പാ തട്ടിപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം വിശദീകരിച്ചുള്ള ട്വീറ്റിലാണ് കോണ്‍ഗ്രസിനെതിരായ പരോക്ഷ വിമര്‍ശനമുള്ളത്. കേസില്‍ അറസ്റ്റിലായ ഗഗന്‍ ധവാന്‍, വായ്പ നല്‍കുന്ന കാലത്തെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.

2004-12 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുവെന്നും ആരോപണവിധേയരുടെ 4703 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും സ്ഥാപനത്തിന്റെ ഉടമകളായ നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര തുടങ്ങിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറത്തിറക്കി. ഗഗന്‍ ധവാന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ധവാന് വായ്പ അനുവദിച്ച സമയത്തെ അധികാരകേന്ദ്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് ഇഡിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വ്യവസായികളുടെ കാര്യം ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് ഗഗന്‍ ധവാനെയും അന്നു അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെയും കൂട്ടിക്കെട്ടി ഇഡിയുടെ അസാധാരണമായ ട്വിറ്റര്‍ സന്ദേശം പുറത്തുവന്നിട്ടുള്ളത്.

വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബന്ധമാണ് വന്‍ തട്ടിപ്പു നടത്തി സുരക്ഷിതരായി ഇന്ത്യ വിടാന്‍ സഹായിച്ചതെന്ന ആരോപണം കോണ്‍ഗ്രസ് ഇതിനോടകം തന്നെ ഉയര്‍ത്തി കഴിഞ്ഞു. എന്നാല്‍ വിവാദമായ ഈ തട്ടിപ്പുകളൊന്നും തങ്ങളുടെ കാലത്തു നടന്നതല്ലെന്നും യുപിഎ കാലത്തെ വെട്ടിപ്പുകളില്‍ പങ്കാളികളായവര്‍ക്കെതിരെ തങ്ങളാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാട്. ഇതിനെ ഫലത്തില്‍ സാധൂകരിക്കുന്നതാണ് ഇഡിയുടെ ട്വീറ്റില്‍ ഗഗന്‍ ധവാനു നല്‍കിയിട്ടുള്ള വിശേഷണം. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങി വന്‍ തട്ടിപ്പു നടത്തി നാടുവിട്ടവരുടെ ചങ്ങലയിലെ അവസാന കണ്ണിയാണ് സ്റ്റെര്‍ലിങ് ബയോടെക് ഉടമയായ നിതിന്‍ സന്ദേശര.