എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും താമര പൂത്തുലഞ്ഞു നില്‍ക്കുമെന്ന് മോദി

ഭോപ്പാല്‍: റാഫേല്‍ ഇടപാട് സംബന്ധിച്ച് തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.

കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും താമര പൂത്തുലഞ്ഞു തന്നെ നില്‍ക്കുമെന്ന് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളില്‍ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.

വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്ന് രാജ്യം മുക്തമാകണമെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാവരുടെയും വികസനം എന്നത് വെറും തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്നും ആരെയും വികസനത്തില്‍ നിന്ന് മാറ്റിനിര്‍ത്തില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയിരുന്നു. റാഫേല്‍ ഇടപാടില്‍ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകളെല്ലാം തുടക്കം മാത്രമാണെന്നും മൂന്നു മാസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

രാജ്യത്തിന്റെ കാവല്‍ക്കാരനല്ല മോദിയെന്നും അദ്ദേഹം കള്ളനാണെന്നും രാഹുല്‍ ഗാന്ധി വീണ്ടും തുറന്നടിച്ചു. ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന മോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.