അഭിമന്യു വധം: അന്വേഷണസംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 16 പേരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. അഭിമന്യു കൊല്ലപ്പെട്ട് 86 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഷഹീമാണ് അര്‍ജുനെ കുത്തിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.

പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.