മൂന്ന് സിറ്റിംഗ് സീറ്റുകള്‍ കൈവശപ്പെടുത്താന്‍ കോണ്‍ഗ്രസ്സില്‍ അണിയറ നീക്കം തുടങ്ങി

തിരുവനന്തപുരം: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സിറ്റിംങ്ങ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സില്‍ സ്ഥാനമോഹികള്‍ രംഗത്ത്.

കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന വടകര, വര്‍ക്കിങ് പ്രസിഡന്റുമാരായ എം.എ ഷാനാവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പ്രതിനിധീകരിക്കുന്ന വയനാട്, മാവേലിക്കര മണ്ഡലങ്ങള്‍ ലക്ഷ്യമിട്ടാണ് കരുനീക്കങ്ങള്‍ നടക്കുന്നത്. കെ.പി.സി.സി ഭാരവാഹികള്‍ മത്സര രംഗത്തുണ്ടാകില്ലന്ന് വ്യക്തമായതോടെയാണ് ഈ നീക്കം.

വടകര, വയനാട് മണ്ഡലങ്ങള്‍ ലക്ഷ്യമിടുന്നവരില്‍ ഡി.സി.സി അദ്ധ്യക്ഷന്‍ ടി. സിദ്ധിഖ് ,കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആദം മുല്‍സി, മഹിളാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍, വി.വി പ്രകാശ് എന്നിവരാണ് പ്രമുഖര്‍. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ മുന്‍ മന്ത്രി കൂടിയായ പന്തളം സുധാകരന്റെ പേരും സജീവമായിട്ടുണ്ട്.

അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി ഈ സിറ്റിങ്ങ് മണ്ഡലങ്ങളില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്ഥാനമോഹികള്‍. ഇവരില്‍ ഭൂരിപക്ഷവും പ്രമുഖ ഗ്രൂപ്പ് നേതാക്കള്‍ കൂടി ആണ്.

രാഹുല്‍ ഗാന്ധി യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പട്ടികയാണ് ഇത്തവണ പുറത്തിറക്കുക എന്ന അഭ്യൂഹം ശക്തമായത് സ്ഥാനമോഹികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

എ.കെ.ആന്റണി,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം തന്നെ വി.എം സുധീരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ.സി വേണുഗോപാലിന്റെയും നിലപാടുകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക ഘടകമാകും. ഇവര്‍ക്ക് രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നിലനിര്‍ത്തുകയും ഇടതുപക്ഷത്ത് നിന്ന് പാലക്കാട്, ചാലക്കുടി, തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യണമെന്നതാണ് യു.ഡി.എഫ് ലക്ഷ്യം.

20 ലോക് സഭ സീറ്റില്‍ ഇടതുപക്ഷത്തിന് ആറ്റിങ്ങല്‍, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ്സും മലപ്പുറം, പൊന്നാനി സീറ്റുകളില്‍ മുസ്ലീം ലീഗും ഇത്തവണയും മത്സരിക്കും.

വയനാട് – കോട്ടയം മണ്ഡലങ്ങള്‍ പരസ്പരം വച്ചു മാറാന്‍ കേരള കോണ്‍ഗ്രസ്സ് തയ്യാറാണെങ്കിലും കോണ്‍ഗ്രസ്സില്‍ ഇക്കാര്യത്തില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുകയാണ്. മാണി തന്നെ ‘മാറാപ്പാണെന്ന’ നിലപാടിലാണ് ഒരു വിഭാഗം.

തിരുവനന്തപുരം, കൊല്ലം, വടകര, കോട്ടയം മണ്ഡലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയില്ലങ്കില്‍ കൈവിട്ടു പോകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ ഏതു മുന്നണിയെ ബാധിക്കും എന്നതിലും ദേശീയ നേതൃത്വത്തിനുള്‍പ്പെടെ പരിഭ്രാന്തിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ