ശബരിമലയിലെ യുവതീപ്രവേശന വിലക്ക്‌ 1951 മുതല്‍ മാത്രം!

ടൈറ്റസ്‌ കെ.വിളയില്‍
ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം, ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമായത്‌,ഈ സര്‍ക്കാരിന്റെ കാലത്ത്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായിരുന്നപ്പോഴാണ്‌ .ഇക്കാര്യത്തില്‍ അഡ്വ.പി.എസ്‌.ശ്രീധരന്‍ പിള്ളയും രമേശ്‌ ചെന്നിത്തലയും വെള്ളാപ്പള്ളി നടേശനും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ.പത്മകുമാറും അടക്കം സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ
അതു പോലെ 1950ല്‍ തീവച്ചു നശിപ്പിക്കപ്പെട്ട ശബരിമല ക്ഷേത്രം 1951 പുനര്‍ നിര്‍മിച്ച ശേഷം നടത്തിയ വിഗ്രഹപ്രതിഷ്ഠയിലാണ്‌ ശാസ്താവിനെ മാറ്റി അയ്യപ്പനെ പ്രതിഷ്ഠിച്ചതെന്ന സത്യത്തേയും മുകളില്‍ പറഞ്ഞവരാരും എതിര്‍ക്കുമെന്ന്‌ തോന്നുന്നില്ല
എന്നാല്‍ ആ പ്രതിഷ്ഠയ്ക്ക്‌ ശേഷമാണ്‌ ശബരിമലയില്‍ ഋതുമതികളായ സ്ത്രീകള്‍ക്ക്‌ ആചാരപരമായ പ്രവേശന വിലക്കുണ്ടായതെന്ന വാസ്തവം ഇവരെല്ലാം തമസ്കരിക്കുന്നു.അതെന്തിനാണ്‌?അതിന്റെ ഉദ്ദേശ്യം എന്താണ്‌?അതിന്റെ ആവശ്യം എന്താണ്‌?

1991 ല്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്‌ കെ.പരിപൂര്‍ണന്റെ ബഞ്ചാണ്‌ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനമില്ല എന്ന വിധി പ്രഖ്യാപിച്ചതെന്നും ഇപ്പോള്‍ ഇവരില്‍ പലരും മറക്കുന്നു.
മറവി എല്ലായിപ്പോഴും അനുഗ്രഹമാണെന്ന്‌ അഡ്വ.ശ്രീധരന്‍ പിള്ള സമ്മതിക്കുമോ?

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രത്തിന്റെ പേര്‌ മാറ്റിയത്‌ സ്ത്രീപ്രവേശന കേസിന്റെ പശ്ചാത്തലത്തിലായിരുന്നു എന്ന വസ്തുത സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു .കാരണം. ധര്‍മശാസ്താവ്‌ വിവാഹിതനും അയ്യപ്പന്‍ ബ്രഹ്മചാരിയും എന്നാണ്‌ വിശ്വാസം! ‘അഷ്ടോത്തരശതകം’ അനുസരിച്ച്‌ പൂര്‍ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ്‌ ഐതിഹ്യം. ധര്‍മശാസ്താവിന്റെ അംശമായ അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയായതിനാല്‍ അവിടെ ഋതുമതികളായ വനിതകള്‍ വരാന്‍ പാടില്ല. പേരുമാറ്റല്‍ മൂലം ഈ ആചാരം നിലനിര്‍ത്താന്‍ കോടതിയുടെ അനുകൂല മനോഭാവം ലഭ്യമാകാന്‍ സാധ്യതയുണ്ടെന്നാണ്‌ പ്രയാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതിയത്‌.അതാണ്‌ പൊളിഞ്ഞത്‌

1950ലാണ്‌ ശബരിമല ക്ഷേത്രം തീവെച്ച്‌ നശിപ്പിച്ചത്‌. അന്നു മുതല്‍ ഇന്നു വരെ വിവാദമായിട്ട്‌ ഇടക്കിടെ ഈ വിഷയം പൊങ്ങി വന്നിട്ടുണ്ട്‌. 1951ല്‍ കേരളാ നിയമസഭയില്‍ ഐജി കെ കേശവമേനോന്‍ സമര്‍പ്പിച്ച തീവയ്പ്‌ വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ഇന്നു വരെ വെളിച്ചം കണ്ടിട്ടില്ല.ഇന്നു വരെ ആ വിഷയം കേരള നിയമ സഭയില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിഷയം പോലുമായിട്ടില്ല! കുറെ വര്‍ഷം മുന്‍പ്‌ വരെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില ചോദ്യങ്ങള്‍ അംഗങ്ങള്‍ ഉന്നയിക്കുകയും അതിന്‌ എങ്ങും തൊടാത്ത മറുപടി സര്‍ക്കാര്‍ കൊടുക്കുകയും മാത്രമാണുണ്ടായിട്ടുള്ളത്‌.ഐജി കെ കേശവമേനോന്റെ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുമെന്നും ശബരിമല ക്ഷേത്രം തീയിട്ട്‌ നശിപ്പിച്ച ഗൂഢാലോചന പുറത്തു കൊണ്ടു വരുമെന്നും 1957 തെരഞ്ഞെടുപ്പു വാഗ്ദാനമായി ഇഎംഎസ്‌ പറഞ്ഞത്‌ വിശ്വസിച്ച ഹിന്ദുക്കള്‍ കൂടി വോട്ടു ചെയ്ത്‌ സഹായിച്ചത്‌ കൊണ്ടാണ്‌ ‘ലോകത്താദ്യമായി ബാലറ്റ്‌ പേപ്പറിലൂടെ’കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ഉണ്ടായത്‌.അവരും അധികാരത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ്‌ വാഗ്ദാനം വിദഗ്ദമായി തമസ്കരിച്ചു

“കൂലിക്കാരെ കാട്ടില്‍ കയറി നായാടുവാന്‍ അവര്‍ നിയോഗിച്ചു.പിന്നീട്‌ മുതലാളിമാരും അയാളും നിലയ്ക്കലില്‍ ഉണ്ടായിരുന്നുവെന്ന്‌ അവര്‍ വിശ്വസിച്ചിരുന്ന ഒരു പള്ളി അന്വേഷിച്ചു പോയി.ഒരു അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങ്ങളൊന്നും അവര്‍ കണ്ടില്ല. നേരെമറിച്ച്‌ രണ്ടു മൂന്ന്‌ ക്ഷേത്രങ്ങളുടെ അവാശിഷ്ടമാണ്‌ അവര്‍ കണ്ടത്‌. തിരുവിതാംകൂറിന്റെ ഈ ചരിത്ര ദശയില്‍, ഈ മുതലാളിമാര്‍ ശബരിമലയ്ക്കുള്ള പാതയില്‍ ഒരു പള്ളിയെ പറ്റി അന്വേഷിക്കുന്നതും ആശ്ചര്യജനകമായിരിക്കുന്നു. ഒന്നുകില്‍ ഏതെങ്കിലും തെളിവുമൂലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നു എന്നു സ്ഥാപിച്ചു, അതിനെ പുനരുദ്ധരിക്കാനോ ഒരു പുതിയ പള്ളി നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചോ ആയിരുന്നിരിക്കാം ഈ ഉദ്യമം.
ഭക്തിയോടുകൂടി ശബരിമല സന്ദര്‍ശനര്‍ഥം പോകുന്ന അധ:സ്ഥിത ഹിന്ദുക്കളുടെ സംഖ്യാ വര്‍ദ്ധന കണ്ടു തടുത്തില്ലെങ്കില്‍ നിശ്ചയമായും ഇത്‌ താണജാതി ഹൈന്ദവരുടെ ഇടയില്‍ നിന്നുമുള്ള ക്രിസ്തുമത പരിവര്‍ത്തനപ്രസ്ഥാനത്തിന്‌ വിഘാതം സംഭവിക്കാവുന്ന ഒരു സംഭവ വികസമാകുമെന്ന്‌ കുറെക്കാലമായി ക്രിസ്ത്യാനികള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്ന്‌ കാണാന്‍ കഴിയും. അതിനും പുറമെ നിലയ്ക്കലും പമ്പാ കടവിലും ഒരു പള്ളിയുടെ സ്ഥിതിയുണ്ടെന്നു വന്നാല്‍ കാലക്രമേണ ആ പ്രദേശം അധിനിവേശം ചെയ്യുവാന്‍ ക്രിസ്ത്യാനികളെ ആകര്‍ഷിക്കാമെന്നും അങ്ങിനെ ഫലഭൂയിഷ്ടമായ ആ പ്രദേശങ്ങള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിപ്പിക്കാന്‍ ചൂഷണം ചെയ്യാമെന്നും അവര്‍ കരുതിയിരിക്കുന്നു..”
ഐജി കെ കേശവമേനോന്റെ റിപ്പോര്‍ട്ടിലെ ഒരു ഭാഗമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌
ചിലര്‍ അന്വേഷിച്ചു എന്ന്‌ ഐജി കെ കേശവമേനോന്‍ പറഞ്ഞ കുരിശിന്റെ അംശം 1983 മാര്‍ച്ച്‌ 24ന്‌ ശബരിമലയുടെ ഭാഗമണെന്ന്‌ (പൂങ്കാവനം) വിശ്വസിക്കുന്ന നിലയ്ക്കലില്‍ കണ്ടെത്തിയതും അത്‌ സെന്റ്‌ തോമസ്‌ എഡി 52ല്‍ സ്ഥാപിച്ച കുരിശാണെന്നും ക്രിസ്ത്യാനികളില്‍ ചിലര്‍ അവകാശപ്പെട്ടപ്പോളുണ്ടായ പ്രക്ഷോഭങ്ങളും തര്‍ക്കങ്ങളും ആരും മറന്നിട്ടുണ്ടാവില്ല. കണ്ടെത്തല്‍ ക്രിസ്ത്യന്‍-ഹിന്ദു വിഭാഗങ്ങളെ സങ്കീര്‍ണമായ സംഘര്‍ഷത്തിന്റെ പാതയിലെത്തിക്കുകയും ചെയ്തു.ഇത്തരം ഒരു സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണോ ഐജി കെ കേശവമേനോന്റെ റിപ്പോര്‍ട്ട്‌ പുറത്തു വിടാത്തത്‌?
അതല്ലല്ലോ നമ്മുടെ വിഷയം.അതു കൊണ്ട്‌ അത്‌ സംബന്ധിച്ച ചര്‍ച്ചയ്ക്കും പരാമര്‍ശത്തിനും ഇവിടെ അടിവര.

ആദ്യം ശബരിമലയില്‍ ധര്‍മ്മശാസ്താവിന്റ പ്രതിഷ്ഠയായിരുന്നുവെന്നും പിന്നീട്‌ അതിലേക്ക്‌ ബ്രഹ്മചാരി സങ്കല്‍പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചുവെന്നുമാണ്‌ ഒരു ഐതിഹ്യം. അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതല്ല ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും ചില വാദങ്ങളുണ്ട്‌ ബുദ്ധ അനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം കൊണ്ട്‌ ഈ വാദത്തെ അവര്‍ ന്യായീകരിക്കുന്നുണ്ട്‌. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണ്‌ കരുതപ്പെടുന്നത്‌. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്‌.
ശാസ്താവ്‌ എന്നത്‌ പുരാണ പുരഷനാണ്‌ . ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ്‌ (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ്‌ ശബരിമല അയ്യപ്പന്‍ എന്ന വാദവും ശക്തമാണ്‌ . ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരുന്നു എന്നും ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ്‌ ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു.
തീവെച്ച്‌ നശിപ്പിച്ച ക്ഷേത്രം 1951ല്‍ പുനര്‍നിര്‍മിച്ച ശേഷം അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചുവെന്നാണ്‌ ദേവസ്വം ബോര്‍ഡ്‌ പറയുന്നത്‌. ക്ഷേത്രത്തിലെ പൂജാവിധികള്‍ ശാസ്താ സങ്കല്‍പ്പത്തില്‍ തന്നെയാണെന്നും അതല്ല അയ്യപ്പ സങ്കല്‍പ്പത്തിലാണെന്നും തര്‍ക്കമുണ്ട്‌. ക്ഷേത്രത്തിന്റെ തന്ത്രാവകാശമുള്ള താഴമണ്‍ കുടുംബത്തിലുള്ളവരും വിത്യസ്ത അഭിപ്രായങ്ങളാണ്‌ ഇക്കാര്യത്തില്‍ പറയുന്നത്‌. ശബരിമല ക്ഷേത്രം തീവച്ച്‌ നശിപ്പിക്കപ്പെട്ട ശേഷം പ്രതിഷ്ഠച്ചത്‌ അയ്യപ്പ വിഗ്രഹമോ ശാസ്താ വിഗ്രഹമോ എന്നറിയണമെങ്കില്‍ ധ്യാനശ്ലോകം ഏതെന്നറിയണം.

അതായത്‌ 1951 മുന്‍പ്‌ ഏത്‌ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമ ക്ഷേത്ര ദര്‍ശനം അനുവദനീയമായിരുന്നു എന്നര്‍ത്ഥം.അതിന്‌ തെളിവുകളും ഉണ്ട്‌.1930കളില്‍ തിരുവിതാംകൂര്‍ രാജ്ഞി യൗവന കാലത്ത്‌ സന്ദര്‍ശനം നടത്തിയതുള്‍പ്പടെ സ്ത്രീകള്‍ ശബരിമലയില്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടായിരുന്നു. തന്റെ ചോറൂണ്‌ ചടങ്ങ്‌ നടത്തിയത്‌ ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണ്‌ എന്ന്‌ മാതാപിതാക്കള്‍ പറഞ്ഞ കാര്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടികെഎ നായരും വെളിപ്പെടുത്തിയിട്ടുണ്ട്‌.
1939ലാണ്‌ ടികെഎ നായരുടെ ജനനം. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണ പിള്ളയും കടുത്ത അയ്യപ്പ ഭക്തരായിരുന്നു എന്ന്‌ ടികെഎ നായര്‍ പറയുന്നു. ഇവരുടെ ആദ്യത്തെ മൂന്ന്‌ കുട്ടികള്‍ ജനിച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം മരണപ്പെട്ടിരുന്നു. അയ്യപ്പന്റെ അനുഗ്രമായി ജനിച്ച കുട്ടി എന്നായിരുന്നു തന്നെക്കുറിച്ച്‌ അവരുടെ വിശ്വാസം. പന്തളം രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം തനിക്ക്‌ അയ്യപ്പന്‍കുട്ടി എന്നാണ്‌ പേരിട്ടത്‌ – ടികെഎ നായര്‍ പറയുന്നു.
സമ്മതിക്കുന്നു അന്നും മണ്ഡല-മകര വിളക്ക്‌ കാലത്ത്‌ ഇരുമുടി കെട്ടുമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടില്ല.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്ക്‌ ദേവസ്വം ബോര്‍ഡ്‌ കര്‍ശനമാക്കിയത്‌ ‘നമ്പിനോര്‍ കെടുവതില്ലൈ…’ എന്ന തമിഴ.സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസിനു ശേഷമാണെന്ന കാര്യം സുപ്രീം കോടതി വിധിയെ എതിര്‍ത്ത്‌ പ്രക്ഷോഭത്തിനിറങ്ങുന്ന എത്രപേര്‍ക്കറിയാം? . 1986 മാര്‍ച്ച്‌ 8 മുതല്‍ 13 വരെയാണു സന്നിധാനത്തു ചിത്രീകരിച്ചത്‌ .65 വര്‍ഷം മുടങ്ങാതെ അയ്യപ്പ ദര്‍ശനം നടത്തിവന്ന ഭക്തനായ ശങ്കരനായിരുന്നു സംവിധായകന്‍.
യുവതികളായ താരങ്ങളെ മലകയറ്റി പതിനെട്ടാംപടിക്കല്‍ നൃത്തം ചെയ്യിച്ച്‌ സിനിമ ചിത്രീകരിച്ചതായി കാണിച്ച്‌ കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക്‌ തെറ്റ്‌വേലില്‍ വി.രാജേന്ദ്രന്‍ റാന്നി കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു.താരങ്ങളായ ജയശ്രീ, സുധാചന്ദ്രന്‍, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നുമുതല്‍ അഞ്ചു വരെ പ്രതികള്‍. ആറാം പ്രതി സംവിധായകന്‍ ശങ്കരന്‍. അന്നത്തെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌എന്‍.ഭാസ്കരന്‍ നായര്‍, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്ണന്‍, ഹരിഹരയ്യര്‍ എന്നിവര്‍ 7 മുതല്‍ 9 വരെ പ്രതികളുമായിരുന്നു. 1986 ജൂലൈയിലാണ്‌ കേസ്‌ കോടതിയിലെത്തിയത്‌.താരങ്ങള്‍ 1986 സെപ്റ്റംബറില്‍ ഹാജരായി ജാമ്യമെടുത്തു.
ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ ഗോപാലകൃഷ്ണപിള്ള പ്രതികള്‍ക്ക്‌ 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക്‌ 50 വയസ്സു കഴിഞ്ഞിരുന്നതിനാല്‍ വിട്ടയച്ചു. സംവിധായകന്‍ ശങ്കരനില്‍ നിന്ന്‌ 7500 രൂപ ഫീസ്‌ വാങ്ങിയാണ്‌ സിനിമ ചിത്രീകരണത്തിന്‌ ദേവസ്വം ബോര്‍ഡ്‌ അനുമതി നല്‍കിയത്‌. അതിനാല്‍, ദേവസ്വം ബോര്‍ഡ്‌ ഭാരവാഹിക?ക്കുംകോടതി പിഴയിട്ടു. ഇതോടെയാണ്‌ സ്ത്രീ പ്രവേശന നിയന്ത്രണം ദേവസ്വം ബോര്‍ഡ്‌ കര്‍ശനമാക്കിയത്‌.

ദേവസ്വം കമ്മീഷണറായിരുന്ന എസ്‌.ചന്ദ്രികയുടെ മകളുടെ കുഞ്ഞിന്റെ ചോറൂണ്‌ ശബരിമലയില്‍ വച്ച്‌ നടത്തിയതിനെതിരെ ഹൈക്കോടതിയിലും കേസ്‌ വന്നു.ചങ്ങനാശേരി പുഴവാത്‌ പുളിമൂട്ടില്‍ എസ്‌.മഹേന്ദ്രന്‍ അയച്ച കത്ത്‌ ഹര്‍ജിയായി സ്വീകരിച്ച്‌ 24-09 1990ല്‍ ജസ്റ്റിസ്‌ പരിപൂര്‍ണന്റെ ബെഞ്ച്‌ വിചാരണ ആരംഭിച്ചു. .ജസ്റ്റിസ്‌ കെ. പരിപൂര്‍ണനും ജസ്റ്റിസ്‌ കെ.ബാലനാരായണ മാരാരും അടങ്ങുന്ന ബഞ്ച്‌ 1991 ഏപ്രില്‍ അഞ്ചിന്‌ പുറപ്പെടുവിച്ച വിധിയിലാണ്‌ 10നും 50നും മധ്യേയുള്ള സ്ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനം നിയമപരമായി നിഷേധിച്ചത്‌.

വസ്തുതയെല്ലാം ഇതൊക്കെയാണെന്നിരിക്കേ ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്‌? അതല്ലേ ജനാധിപത്യമര്യാദ?അതല്ലേ ലിംഗ നീതി?
സമ്മതിക്കുന്നു, വളരെ പതുക്കെ മാത്രമേ വിശ്വാസികളായ സ്ത്രീകള്‍ ഇത്‌ അംഗീകരിക്കൂ .കാരണം ആര്‍ത്തവം അശുദ്ധമാണ്‌ എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സ്ത്രീകളാണല്ലോ 99.99 ശതമാനം പേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ