24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍

കോഴിക്കോട്: അയ്യപ്പ സേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍ പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ മനസിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം.

ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ല. വലിയ ആള്‍ക്കൂട്ടമാണ് അവിടെയുള്ളത്. ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശ്രമം കാരണമാണ് അവിടെ അക്രമണ സംഭവങ്ങള്‍ നടക്കുന്നത്. കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയില്‍ സാമാന്യ വിവരം വേണമെന്നും കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.