ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരം; യുവതികള്‍ക്ക് സൗകര്യമൊരുക്കും: കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമലയില്‍ ഇൗ സീസണില്‍ യുവതികള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍ദേശം നൽകി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. സന്നിധാനത്തുചേര്‍ന്ന അവലോകനയോഗത്തിലാണ് ദേവസ്വംമന്ത്രിയുടെ  നിര്‍ദേശം.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു. രണ്ടാം നിലയ്ക്കല്‍ സമരത്തിലൂടെ എന്തെങ്കിലും കിട്ടുമെന്ന മോഹമാണ് ശ്രീധരന്‍പിള്ളയ്ക്ക്. ശബരിമലയില്‍ വിധി നടപ്പാക്കാനേ സര്‍ക്കാരിന് കഴിയൂ. ദേശീയ മാധ്യമ പ്രതിനിധികളെ ആര്‍എസ്എസ് ആക്രമിച്ചത് പ്രാകൃതമായിട്ടാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടും. സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ മുന്‍പിലുള്ള മാര്‍ഗമെന്നും കടകംപള്ളി പറഞ്ഞു.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘര്‍ഷഭൂമിയായി പമ്പയും പരിസരവും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ യുവതിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു മടക്കിയയച്ചു. പമ്പയില്‍ നാമജപം നടത്തി പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച്  അതേസ്ഥലത്ത് ബിജെപി സമരം തുടങ്ങി.   ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, 19ന് നടക്കുന്ന യോഗംവരെ ക്ഷമിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

40 വയസുകഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശി മാധവി മലചവിട്ടാന്‍ തുടങ്ങിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിഞ്ഞു. മാധവിക്കും കുടുംബത്തിനും ആദ്യം പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍ പൊലീസ് പിന്‍മാറിയ ഉടന്‍ പ്രതിഷേധക്കാര്‍ യുവതിയെ കൂട്ടമായെത്തി പിന്തിരിപ്പിച്ചു. ഭയന്നുപോയ അവര്‍ പമ്പയിലേക്ക് മടങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ