നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സംഭവശേഷം ഡിവൈഎസ്പി ഈ ലോഡ്ജില്‍ എത്തിയിരുന്നു. ഡിവൈഎസ്പിക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന്  ശേഷമാണ് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്ന് ഏഴ് ദിവസമായിട്ടും പ്രതിയായ  ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പുതിയൊരു അറസ്റ്റ്. ഇതിനിടെ സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു.സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്നും സനലിന്റെ ഭാര്യ വിജി നേരത്തേ പറഞ്ഞിരുന്നു.

സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെ. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പിയെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ഡിവൈഎസ്പിയെ  സംരക്ഷിക്കുന്നത് സിപിഐഎം ജില്ലാ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ