പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി; മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴ്‌വാക്കായി

അഗളി: ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയില്‍ മര്‍ദിച്ചു കൊന്ന കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് നടപടിയെന്നാണ് വിശദീകരണം.

പാലക്കാട്ടുകാരനായ പി.ഗോപിനാഥിനെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തതു കൊണ്ടാണ് നിയമനം റദ്ദാക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. പകരം മണ്ണാര്‍ക്കാട് എസ്‌സി എസ്ടി സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാക്കുമെന്നാണ് കഴിഞ്ഞമാസം 22 ന് പുറത്തിറങ്ങിയ ഉത്തരവിലുളളത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്.

16 പേര്‍ അറസ്റ്റിലായ കേസില്‍ അഗളി ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ തുടങ്ങാനിരിക്കെയുളള സര്‍ക്കാര്‍ നടപടി കേസിനെ ബാധിക്കും. കോടതിയിലെ മറ്റ് നിരവധി കേസുകള്‍ക്കൊപ്പം മധു കേസും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. കേസില്‍ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതാണ്. ഇതുപ്രകാരം നിയമമന്ത്രി എ.െക.ബാലന്‍ നല്‍കിയ ഉറപ്പും മന്ത്രിസഭാ തീരുമാനവുമെല്ലാം ഇപ്പോള്‍ വെറുതെയായി.