ശബരിമല നടയടയ്ക്കല്‍ വിവാദത്തില്‍ നിലപാടാവര്‍ത്തിച്ച് ശ്രീധരന്‍ പിള്ള; തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചത് എന്ന് ഓര്‍മ്മയില്ല

കോഴിക്കോട്: ശബരിമല നടയടയ്ക്കല്‍ വിവാദത്തില്‍ നിലപാടാവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. വിളിച്ചതാരാണെന്ന് ഓര്‍മ്മയില്ല. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചത് എന്ന് ഓര്‍മ്മയില്ല. അന്നേ ദിവസം നൂറുകണക്കിന് കോളുകള്‍ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നു. ബാക്കി അന്വേഷണിക്കുന്നവര്‍ കണ്ടെത്തട്ടേയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതിനിടെ ശബരിമല വിഷയത്തില്‍ തന്ത്രി രാജീവര് തന്നെ വിളിച്ചുവെന്ന് കോടതിയില്‍ നല്‍കിയ  ഹര്‍ജിയില്‍ ശ്രീധരന്‍ പിള്ള സമ്മതിക്കുന്നു. കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ ശനിയാഴ്ച ഈ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിയുകയായിരുന്നു. അതിനിടെയാണ് ഹൈക്കോടതിയില്‍ പ്രസംഗത്തിന്റെ സി.ഡി.ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

ശബരിമല വിഷയത്തില്‍ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസ്താവനയില്‍ തിരുത്തിപ്പറഞ്ഞത്.

പ്രസംഗം സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 505(1)ബി പ്രകാരം കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് സമര്‍ത്ഥിക്കാനാണ് അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് താന്‍ പിന്തുണ നല്‍കിയതായും പറയുന്ന ഭാഗം അതേപടി ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ