സുനാമി; ഇന്തോനേഷ്യയില്‍ മരിച്ചത് 222 പേര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ വ്യാപക നാശനഷ്ടം. 222 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു.കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ക്രാക്കറ്റോവയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിന്നടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണം. അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായെങ്കിലും സുനാമി മുന്നറിയിപ്പൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നില്ല. കടല്‍തീരത്തെ റിസോര്‍ട്ടില്‍ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദാ സ്‌ട്രെയിറ്റാണ് ജാവ കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത്.

Embedded video

ക്രക്കതോവ അഗ്‌നിപര്‍വ്വതം കാരണം 1984 ലും ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായിരുന്നു. അന്ന് 30000 അധികം ആളുകളാണ് മരിച്ചത്. സെപ്റ്റംബര്‍ 28 നുണ്ടായ ദുരന്തത്തില്‍ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തില്‍ നല്‍കാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാന്‍ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണു പുതിയ സംഭവം.ഇത്തവണയും സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. അതിനാല്‍ത്തന്നെ ഒരിടത്തു കടല്‍ത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകള്‍ ഇരമ്പിയാര്‍ത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യന്‍ ബീച്ചുകളിലെത്തിയിരിക്കുന്നത്. 168 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

Embedded video

എന്നാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്നു മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. സംശയത്തിന്റെ വിരല്‍മുന നീളുന്നത് ഒരു അഗ്‌നിപര്‍വതത്തിലേക്കാണ്. സുമാത്ര, ജാവ ദ്വീപുകള്‍ക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്‌നിപര്‍വതം. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്‌നിപര്‍വതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടാകുന്നത് 1883 ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലില്‍നിന്ന് ‘അനക്’ ഉയര്‍ന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന പേരു ലഭിക്കുന്നതും.

ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കല്‍ ഏജന്‍സി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനിറ്റോളം അനക്കില്‍നിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റര്‍ ഉയരത്തില്‍ ചാരം ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്‌നിപര്‍വതം തീതുപ്പുകയായിരുന്നു. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് കടലിന്നടിയിലെ ഭൂഫലകങ്ങളുടെ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഇതു സംഭവിക്കാറുണ്ട്; എന്നാല്‍ വളരെ അപൂര്‍വമായി മാത്രം. കടല്‍വെള്ളം സ്‌ഫോടനത്തിനു പിന്നാലെ ഇരമ്പിയാര്‍ക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നില്‍ അഗ്‌നിപര്‍വതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

Embedded video

ഇതോടൊപ്പം വേലിയേറ്റം ദിവസം കൂടിയായതോടെയാണ് സൂനാമിക്കു ശക്തിയേറിയതെന്നും ഇന്റര്‍നാഷനല്‍ സൂനാമി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നു. എന്നാല്‍ അന്തിമറിപ്പോര്‍ട്ട് പുറത്തെത്തിയിട്ടില്ല.

പസഫിക് സമുദ്രത്തില്‍ ടെക്ടോണിക് ഫലകങ്ങള്‍ക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താല്‍ത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്‌നിപര്‍വത സ്‌ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. തെക്കന്‍ സുമാത്ര തീരത്തും ജാവയുടെ പടിഞ്ഞാറന്‍ തീരത്തുമാണ് രാത്രി ഒന്‍പതരയോടെ സൂനാമി ആഞ്ഞടിച്ചത്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.