അമേരിക്കന്‍ പൗരത്വം: ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കുടിയേറിയ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനും, ഗ്രീന്‍കാര്‍ഡ് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

ഇതിനുള്ള പുതിയ അപേക്ഷകള്‍ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ഹോം പേജില്‍ നിന്നും ലഭിക്കുമെന്നു അധികൃതര്‍ അറിയിച്ചു. പേഴ്‌സണ്‍ അക്കൗണ്ട് ഇതിനു ആവശ്യമാണ്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു ഇമിഗ്രേഷന്‍ വക്താവ് ന്യൂവോ ഹെറാള്‍ഡ് പറഞ്ഞു.

പെര്‍മനന്റ് റസിഡന്റ് കാര്‍ഡ്, നാച്വറലൈസേഷന്‍ അപേക്ഷ, പൗരസ്ത്യ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് പ്രധാനമായും ഓണ്‍ലൈനില്‍ ലഭിക്കുന്നത്. അപേക്ഷകള്‍ അയയ്ക്കുന്നതിനും, സ്റ്റാറ്റസ് അറിയുന്നതിനും, അപേക്ഷകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും ഓണ്‍ലൈന്‍ സംവിധാനം പ്രയോജനകരമാണ്. യുഎസ് ഇമിഗ്രേഷന്‍ പ്രോസസിംഗിനു ആവശ്യമായ ഫീസ് ക്രെഡിറ്റ് കാര്‍ഡിലൂടെ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഓണ്‍ലൈനിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ ഉടനടി ഹൈലൈറ്റ് ചെയ്യുന്നതുമൂലം, അപേക്ഷകള്‍ തള്ളിക്കളയുന്നത് ഒഴിവാക്കാനാകുമെന്നും ഇവര്‍ പറയുന്നു.