തട്ടാൻ ഭാസ്കരനും ഓർത്തഡോക്സ് സഭയും

റോയ് മാത്യു
അയലത്തെ സുന്ദരിപ്പെണ്ണിനോടുള്ള പത്തരമാറ്റ് സ്‌നേഹം മനസ്സിന്റെ മൂശയിലിട്ട് നടന്നുനടന്ന് 10 പവന്‍ സ്വര്‍ണത്താല്‍ വഞ്ചിക്കപ്പെടുന്ന തട്ടാന്‍ ഭാസ്‌കരന്റെ കഥയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “പൊൻ മുട്ടയിടുന്ന താറാവ് ” സ്നേഹലത എന്ന കാമുകിക്കായി സമർപ്പിത ജീവിതം നയിച്ച തട്ടാൻ ഭാസ്കരനെ വഞ്ചിച്ച് തക്ക സന്ദർഭം വന്നപ്പോ പേർഷ്യാക്കാരനെ കല്യാണം കഴിച്ച് പാവം കാമുകനെ നല്ല ഭേഷായി തേച്ചിട്ടു പോയ കാമുകി…

സിപിഎമ്മെന്ന സ്നേഹലതയാൽ വഞ്ചിക്കപ്പെട്ട തട്ടാൻ ഭാസ്കരന്റെ അവസ്ഥയിലാണ് ഓർത്തഡോക്സ് സഭ..

വർഷങ്ങളായി നില നിൽക്കുന്ന സഭാ വഴക്കിൽ തന്റെ സഭയായ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ നിലപാട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിക്കുന്നില്ലാ എന്ന ആരോപണ മുയർത്തി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉമ്മൻ ചാണ്ടിക്കും യു ഡി എഫിനുമെതിരെ പരസ്യ നിലപാട് സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയേയും മന്ത്രി മാരെയും ബഹിഷ്കരിച്ചു, വേദികളിൽ പരസ്യമായി അവഹേളിച്ചു –

2016ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് സകല ക്രിസ്തീയ മര്യാദകളും ലംഘിച്ചുകൊണ്ട് ഓർത്തഡോക്സ് സഭയും അവരുടെ നേതൃത്വവും ഇടത് മുന്നണിക്ക് പിന്തുണയും സഹകരണവും നൽകി. ഇതിന്റെ ഭാഗമായി അക്കാലത്തെ ഓർത്തഡോക്സ് സഭാ സെക്രട്ടറിയായിരുന്ന ഡോ. ജോർജ് ജോസഫിന്റെ ഭാര്യ വീണാ ജോർജിനെ ആറന്മുളയിൽ സിപിഎം സ്ഥാനാർത്ഥിയാക്കി. സഭയുടെ മകൾ എന്ന് പറഞ്ഞാണ് ഓർത്തഡോക്സ് വൈദികർ വോട്ടുപിടിച്ചത്. നല്ല ഭുരിപക്ഷത്തിൽ വീണ തിരഞ്ഞെടുക്കപ്പെട്ടു. വീണയുടെ വിജയാഘോഷങ്ങളിൽ ഓർത്ത ഡോക്സ് വൈദികർ പരസ്യമായി ഡാൻസ് ചെയ്യുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാനായി.
പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ തൊട്ടടുത്ത ദിവസം ഓർത്തഡോക്സ് ബാവ ക്ലിഫ് ഹൗസിൽ പോയി കണ്ടു. മുഖ്യമന്ത്രിയെ കണ്ടു പുറത്തിറങ്ങിയ ബാവയുടെ ഡയലോഗ് ” രാഷ്ട്രീയമായി അനാഥമായിരുന്ന ഞങ്ങളിപ്പോ സനാഥരായി . ഞങ്ങൾക്കിപ്പോ ഒരു നാഥനുണ്ടെന്ന തോന്നൽ ”
ഈ സർക്കാർ തങ്ങളുടെ ഔദാര്യത്തിൽ അധികാരത്തിൽ വന്നതാണെന്ന ധാർഷ്ട്യവും ആ വാക്കുകളിൽ പ്രകടമായിരുന്നു.

( ഞാൻ നിന്നെ ഒരിക്കലും അനാഥനാക്കുകയില്ല, ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത് എന്നൊക്കെയുള്ള ക്രിസ്തു വചനങ്ങൾ വിശ്വാസികളെ പഠിപ്പിക്കുന്ന കക്ഷിയാണെന്ന കാര്യം മറന്നായിരുന്നു പിണറായിയെക്കുറിച്ചുള്ള ബാവയുടെ സൂപ്പർ ഡയലോഗ്)

സഭയും പിണറായിയും ഇടതുമുന്നണിയും തമ്മിലുള്ള മധുവിധു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു കാലത്തും തുടർന്നു. ഓർത്തഡോക്സ് അച്ചന്മാര് പരസ്യമായിട്ടാണ് സജി ചെറിയാനു വേണ്ടി വോട്ട് പിടിച്ചത് – ഉപതിരഞ്ഞെടുപ്പ് കാലത്ത് പിണറായി ഓർത്തഡോക്സ് ബിഷപ്പുമാരു മായി പലവട്ടം കൂടിക്കാഴ്ച നടത്തി സജി ചെറിയാന് പിന്തുണ ഉറപ്പിക്കുകയും ചെയ്തു. 2017 ജുലൈയിൽ വന്ന സുപ്രീം കോടതി വിധി പ്രകാരം പള്ളികൾ പിടിച്ചു നൽകാമെന്ന ഉറപ്പു മുഖ്യമന്ത്രിയും ഇടത് മുന്നണിയും ഓർത്തഡോക്സ് സഭയ്ക്ക് നൽകിയിരുന്നു. പക്ഷെ, കാര്യത്തോട് അടുത്തപ്പോൾ സി പി എമ്മും സർക്കാരും തങ്ങളെ വഞ്ചിച്ചുവെന്നാണ് ഓർത്തഡോക്സ് സഭ യുടെ പരാതി. സഭയ്ക്ക് ഒരാവശ്യം വന്നപ്പോൾ വീണാ ജോർജും സജി ചെറിയാനും ഒഴിഞ്ഞു മാറുകയാണെന്ന പരാതിയും സഭ പറയുന്നുണ്ട്.

കോടതി വിധിയും മേടിച്ച് കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കേറാൻ ചെന്ന വികാരി തോമസ് പോൾ റമ്പാനെ സർക്കാരും പോലീസും ചേർന്ന് കക്കൂസ് വഴി തട്ടി അകത്താക്കി. അങ്ങേരിപ്പോ ഇല്ലാത്ത രോഗത്തിന് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ത്രീ പ്രവേവുമായി ബന്ധപ്പെട്ട ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ തിടുക്കം കാണിക്കുകയും 144 പ്രഖ്യാപിച്ച് പോലിസിനെ വിന്യസിക്കയും ചെയ്ത പിണറായി സർക്കാർ പിറവം, കോതമംഗലം, പള്ളികളുടെ കാര്യത്തിൽ ഓർത്തഡോക്സ് സഭയെ നല്ല ഭേഷായി തേച്ച് വിട്ടു. ഇടത് മുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കായ യാക്കോബായ സഭയ്ക്കൊപ്പം പാർട്ടിയും സർക്കാരും പാറപോലെ ഉറച്ചു നിന്നു.

കശാപ്പുകാരൻ വളർത്താനെന്ന വ്യാജേന പ്ലാവില കാണിച്ച് അറവുശാലയിലേക്ക് കൊണ്ടുപോയി അറക്കുന്ന ആടിന്റെ അവസ്ഥയിലാണിപ്പോൾ ഓർത്തഡോക്സ് സഭയും അവരുടെ ബാവയും – മിനിയാന്ന് നിരണം പളളിയിൽ കുർബാന മധ്യേ ബാവ തങ്ങളെ സർക്കാരും സിപിഎമ്മും വഞ്ചിച്ചതിന്റെ കഥ വിളിച്ചു പറഞ്ഞു.

“പത്തു വോട്ട് കിട്ടുമെങ്കിൽ ഏതു കോടതിവിധിയെയും ദഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
പരമോന്നത നീതിപീഠത്തിന്റെ വിധിയെ വെല്ലുവിളിക്കുന്നവരെ സഹായിക്കുന്ന സർക്കാർ നിലപാട് സഹിക്കാവുന്നതിനുമപ്പുറമാണ്. എൽ.ഡി.എഫ്. സർക്കാർ സഭയ്ക്ക് പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയെല്ലാം മറന്ന മട്ടാണ്. കോതമംഗലത്ത് നടക്കുന്ന സമരനാടകങ്ങൾക്ക് സർക്കാരിന്റെ ഒത്താശയുണ്ട്. നാട്ടിലെ ക്രമസമാധാനം തകർക്കാൻ സഭയ്ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ക്ഷമയെ ബലഹീനതയായി കാണരുതെന്നും ഈ നിലപാട് തുടർന്നാൽ ചെയ്യേണ്ടത് ചെയ്യുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. കോടതിവിധി വന്ന കാര്യത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ല. വിധി നടപ്പാക്കാൻ പറ്റില്ലെങ്കിൽ സർക്കാർ അതു പറഞ്ഞാൽ മതി. ”
( മാതൃഭുമി വാർത്ത – Dec 22 / 2018)

പൊട്ടനെ ചെട്ടി ചതിക്കും ചെട്ടിയെ ദൈവം ചതിക്കുമെന്നാ പ്രമാണം..