പ്രവാസി ചിട്ടിയും തുഗ്ലക്കുമാരുടെ പുട്ടടിയും

റോയ് മാത്യു
നവകേരള നിർമ്മിതിക്കായി തട്ടിക്കൂട്ടിയ പ്രവാസിച്ചിട്ടി, ക്രൗഡ് ഫണ്ടിംഗ് എന്നീ സർക്കാർ വിലാസം ഉഡായിപ്പുകൾ നാട്ടുകാരന്റെ പണം പുട്ടടിക്കുന്നതിന്റെ കഥ കളാണിവിടെ പരക്കുന്നത്. ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ അതീവ സൂക്ഷ്മത പുലർത്തുന്ന സർക്കാരെന്ന് പേരുള്ളതു കൊണ്ട് നവകേരള നിർമ്മിതിക്കായി ക്രൗഡ് ണ്ടിംഗിലൂടെ പൊതു ജനങ്ങൾ 100/10 രൂപ എന്നിങ്ങനെ വൻ തുകകളാണ് നൽകിയത്. പ്രളയ ശേഷം നവകേരളം നിർമ്മിച്ച് മല മറിച്ചതുകൊണ്ട് ഇനിയും വൻ തുകകൾ ക്രൗഡ് ഫണ്ടിംഗിലൂടെ വരുമെന്നാണ് ചിറ്റപ്പൻ മന്ത്രിയും കെ പി എം ജി വിദഗ്ധരും വിലയിരുത്തുന്നത്.

ഇതേ ഗതിയാണ് കെ എസ് എഫ് ഇ യുടെ പ്രവാസിച്ചിട്ടിക്കും വന്നു ചേർന്നിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് നിയമ സഭയിൽ പറഞ്ഞത് പ്രവാസി ചിട്ടിയിലൂടെ ലഭിച്ചത് മൂന്ന് കോടി മുപ്പത് ലക്ഷം രൂപ. – ചെലവനത്തിൽ അഞ്ച് കോടിയും. – എത്ര മനോഹരമായ ധനകാര്യ മാനേജ് മെന്റ്!
പ്രവാസി ചിട്ടിയെ കുറിച്ച് ഗൾഫിലും നാട്ടിലുമുള്ളവരെയും ബോധവൽക്കരിക്കാൻ PR ഇനത്തിൽ രണ്ടു് കോടി രൂപ ചെലവാക്കിയിട്ടും പ്രവാസികൾ ഈ ചിട്ടിയോട് മുഖം തിരിച്ചു നിൽക്കയാണ്. സർക്കാരിനെ സ്ഥിരമായി ചാനലുകളിൽ വന്നിരുന്ന് വാഴ്ത്തുന്ന ഒരാളുടെ PR കമ്പിനിക്കാണ് ഈ തുക കിട്ടിയതെന്നും കവികൾ ദീപയടിക്കുന്നുണ്ട്.
വൻ തുക പുട്ടടിച്ച ശേഷം അടുത്ത ദീപാളി കുളിയുമായി വീണ്ടും കെ എസ് എഫ് ഇ രംഗത്തിറങ്ങിയിട്ടുണ്ട്.
ചിട്ടി പ്രചാരണാർത്ഥം ഒരു വൻ സംഘം വിദേശത്തേക്ക് പോകയാണ്. 27 പേരാണ് കെ.എസ്.എഫ് ഇ യുടെ പണം മുടക്കി ഗൾഫിലേക്ക് പോകുന്നതെന്ന് പത്ര വാർത്തകളുണ്ട്.

സർക്കാരിനെതിരെ ഏത് കേസു വന്നാലും ഹൈക്കോടതി സ്ഥിരമായി ഉന്നയിക്കുന്ന ഒരു കാര്യമുണ്ട് – പ്രളയ ബാധിതരുടെ ഉന്നമനത്തിനായുള്ള പണം ദുർവിനിയോഗം ചെയ്യരുതെന്ന് . ഇന്നലെ വനിതാ മതിലിനെ കുറിച്ച് പരാമർശിക്കുന്നതിനിടയിലും കോടതി സമാനമായ കാര്യം ഉന്നയിച്ചിരുന്നു. പ്രളയ ബാധിതർക്കള്ള പദ്ധതിയെ കുറിച്ച് പരസ്യം ചെയ്യാൻ കോടതി നിർദേശിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞ സർക്കാരാണ് 50 കോടി രൂപ വനിതാ മതിലിനായി ചെലവഴിക്കുന്നത്-
ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പ്രളയ ബാധിതരുമായി നടത്തിയ മുഖാമുഖത്തിൽ 12000 പരാതികളാണ് ലഭിച്ചത്. കാലണയുടെ സർക്കാർ സഹായം കിട്ടാത്ത അനേകായിരങ്ങൾ ഇവിടെ ഇപ്പോഴും നട്ടം തിരിയുകയാണ്. കിടപ്പാടവും ജീവിത മാർഗവും നഷ്ട്ടപ്പെട്ട ആയിരങ്ങൾ തെരുവോരത്ത് കിടക്കുമ്പോഴാണ് സർക്കാരിന്റെ മുടിഞ്ഞ ധൂർത്തും ഒടുക്കത്തെ പി ആർ എക്സർസൈസും. … അങ്ങ് കേന്ദ്രത്തിൽ നമ്മുടെ പ്യാരേ ദേശ് വാസിയും ഇതേ പാതയിലൂടെ ഭരിച്ച് മുടിക്കുന്നുണ്ട്. തിന്നാനൊന്നും കൊടുക്കാതെ തൂറാൻ കക്കൂസ് കെട്ടിക്കൊടുക്കുന്ന മഹത്തായ ഭരണമാണ് അങ്ങേര് നടത്തുന്നത്. രണ്ടും തനി തുഗ്ളക് മോഡൽ. നമ്മുടെ നാടും മുന്നേറുകയാണ്.

മഹത്തായ നവകേരള നിർമ്മാണത്തിനിടയിൽ വീണ്ടും ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തിയതായി വാർത്തകളുണ്ട്. നിത്യ നിദാന ചെലവുകൾക്കായി അനുവദിച്ചിരുന്ന ഒരു കോടി രൂപ വരെയുള്ള ചെലവുകൾ 50 ലക്ഷമാക്കി കുറച്ചു. ഇമ്മാതിരി കൺകെട്ടു വിദ്യകൾ നടത്തുന്നതിനിടയിൽ ലക്ഷങ്ങൾ മുടക്കി ആഡംബര കാറ് വാങ്ങലും കുളിർ‌ യന്ത്രങ്ങളുടെ ഫിറ്റിംഗ്സും മുറപോലെ നടത്തുന്നുണ്ട്. പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തു ള്ളതെന്നാണ് തലയ്ക്ക് വെളിവുള്ളവർ പറയുന്നത്.
പ്രളയം വന്ന് നാല് മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്കായി ഒന്നും ചെയ്യാതെ ബഡായികൾ തട്ടി വിടുന്ന ഭരണ നേതൃത്വത്തെ ഓർത്ത് നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം – അല്ലെങ്കിൽ നാമജപം നടത്താം