രാമജന്മഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതിക്കുമേല്‍ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്ക കേസില്‍ സുപ്രിംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേസ് വേഗത്തില്‍ തീര്‍പ്പാക്കണം. ശബരിമല കേസ് വേഗത്തില്‍ തീര്‍പ്പാക്കിയ കോടതി ഇക്കാര്യത്തില്‍ എന്തിന് മടികാണിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
ആര്‍എസ്എസ് അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അതിവക്ത പരിഷത്ത് യുപിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന. ആറ് മാസത്തിനുള്ളില്‍ ശബരിമല കേസ് സുപ്രിം കോടതി തീര്‍പ്പാക്കി. എന്തുകൊണ്ട് അയോധ്യ വിഷയം 70 വര്‍ഷമായി തുടരുന്നു. ഈ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കോടതിയോട് വ്യക്തിപരമായി പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

സുപ്രിം കോടതി ജഡ്ജി എം ആര്‍ ഷാ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് നിയമ മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്താവന നിര്‍ഭാഗ്യകരമായെന്നും കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ നിയമ മന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കുറ്റപ്പെടുത്തി.
രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കുന്നതാവും ഉചിതമെന്ന് സുന്നി വഖഫ് ബോര്‍ഡ്, ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി തുടങ്ങിയവയ്ക്കുവേണ്ടി കപില്‍ സിബലും ദുഷ്യന്ത് ദവെയും മറ്റും കഴിഞ്ഞ ഡിസംബറില്‍ ബോധിപ്പിച്ചിരുന്നു. ഈ ആവശ്യം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

അയോധ്യ കേസിലെ നിയമനടപടികള്‍ വൈകുന്നതിനാല്‍ രാമജന്മഭൂമി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് വിഎച്ച്പി , ആര്‍എസ്എസ് പോലുള്ള സംഘടനകളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ഭയം കേന്ദ്രസര്‍ക്കാരിനുണ്ട്. ഇത് 2019ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും കേന്ദ്രസര്‍ക്കാരിനുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ വിഷയത്തില്‍ കോടതിയുടെ വിധി കൊണ്ടുവരാനായാല്‍ അത് നേട്ടമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായി നീളുന്ന തര്‍ക്കം എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.
അതേസമയം, എല്ലാ രേഖകളും പരിശോധിച്ച ശേഷം മാത്രമേ അയോധ്യകേസില്‍ വിധി പ്രസ്താവിക്കാവൂ എന്നാണ് കേസിലെ മറ്റൊരു കക്ഷിയായ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഇക്കാര്യം കോടതിയില്‍ ഉന്നയിക്കുമെന്നും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തെ പരമോന്നത കോടതിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് ജനുവരിയില്‍ പരിഗണിക്കുമെന്ന സുപ്രിംകോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേ പത്തുദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞിരിക്കണമെന്ന അന്ത്യശാസനം നല്‍കിയ അദ്ദേഹം കോടതി തീരുമാനം നീണ്ടുപോയാല്‍ എന്തുചെയ്യണമെന്ന് അറിയാമെന്ന ഭീഷണിയും മുഴക്കിയിരുന്നു. കോടതിയില്‍ നിന്നും എന്ത് തീരുമാനം ഉണ്ടായാലും ബാബറി പള്ളി പൊളിച്ച അതേസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുമെന്നും റിപ്പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അമിത്ഷാ പറഞ്ഞിരുന്നു. ഇത് ബിജെപിയുടെ മാത്രം അഭിപ്രായമല്ല മറിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ അഭിപ്രായമാണെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. അവിടേയും കോടതിയെ ധിക്കരിക്കുന്ന നിലപാടാണ് എംപിമാരും സ്വീകരിച്ചത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള നിയമനിര്‍മ്മാണം നടത്താനോ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനോ മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ബില്‍ എപ്പോള്‍ പാസാക്കുമെന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്ന മറുപടിയാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നല്‍കിയതെന്നും ഹരിനാരായണ്‍ രാജ്ബര്‍ എം പി വ്യക്തമാക്കിയിരുന്നു.

അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു നല്‍കിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് അന്ന് ഹൈക്കോടതി വിധിച്ചത്. ജനുവരി നാലിനാണ് ബാബറി ഭൂമിതര്‍ക്ക കേസ് സുപ്രിംകോടതി ഇനി പരിഗണിക്കുക. കേസില്‍ ഏത് ബെഞ്ച് എന്നുമുതല്‍ വാദം കേള്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ അന്ന് തീരുമാനിച്ചേക്കും.