15 പേര്‍ വായു കിട്ടാതെ ബുദ്ധിമുട്ടുന്നു; മോഡി ഫോട്ടോയെടുത്ത് രസിക്കുന്നു: രാഹുല്‍

ഗുവാഹത്തി: മേഘാലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേര്‍ക്കായുള്ള തിരച്ചില്‍  നിര്‍ത്തിയതില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി. വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിപ്പോയ ഇവര്‍ വായു കിട്ടാതെ രണ്ട് ആഴ്ചയായി ബുദ്ധിമുട്ടുന്നു. അപ്പോഴാണ് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് രസിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി 100 കുതിരശക്തിയുള്ള പമ്പുകള്‍ എത്തിക്കാന്‍ പോലും മോ‍‍ഡി സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി അവരുടെ ജീവന്‍ രക്ഷിക്കൂ-ട്വിറ്ററിലൂടെ രാഹുല്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ റോഡ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ഫോട്ടോ പരാമര്‍ശം.
100 കുതിരശക്തിയുള്ള പമ്പുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഒരാഴ്ചയായി കാത്തിരിക്കുകയാണ്. ഖനിയില്‍ വെള്ളം നിറയാതിരിക്കാന്‍ ഇത്രയും ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് മാത്രമേ വെള്ളം പുറത്തേക്ക് ഒഴുക്കാനാകൂവെന്ന് രക്ഷാപ്രവര്‍ത്തകര്‍  പറഞ്ഞു.

ഇത്രയും ശേഷിയുള്ള പമ്പുകള്‍ മേഘാലയ സര്‍ക്കാരിന്റെ പക്കലില്ല. വെള്ളത്തില്‍ 70 അടി വരെ താഴ്ചയിലെത്തി വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ദുരന്ത നിവാരണ സേനയുടെ സംഘത്തിന് 40 അടിവരെ പോകാനെ കഴിയുന്നുള്ളൂ. പമ്പുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ മാത്രമേ തിരച്ചില്‍ പുനരാരംഭിക്കാനാകൂ.