രവി പൂജാരിയുടെ വെല്ലുവിളിയില്‍ ചങ്കിടിച്ച് കൊച്ചി നഗരം

കഴിയുമെങ്കില്‍ വെടിവച്ചവരെ പിടിക്കും എന്ന അധോലോക നായകന്‍ രവി പൂജാരിയുടെ വെല്ലുവിളിയില്‍ ചങ്കിടിച്ച് കൊച്ചി നഗരം.ആഡംബര ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നടത്തിയ തന്റെ അനുയായികളെ കണ്ടു പിടിക്കാന്‍ പൊലീസിനെ വെല്ലുവിളിച്ച രവി പൂജാരിയുടെ നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.

കുറ്റാന്വേഷണ രംഗത്ത് അനവധി തവണ മിടുക്ക് കാണിച്ച് രാജ്യത്തിന്റെ അഭിമാനമായ കേരള പൊലീസ് പ്രതികളെ പിടികൂടും എന്ന് പറയുമ്പോഴും എപ്പോഴുണ്ടാകും എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പോലും നല്‍കുന്നില്ല.

റ്റൊരാളില്‍ നിന്നും തട്ടിയെടുത്ത 25 കോടി തിരികെ വാങ്ങുന്നതിനാണ് താന്‍ ഇടപെട്ടതെന്നാണ് രവി പൂജാരിയുടെ ഭീഷണി സംഭാഷണത്തിലുള്ളത്.

തട്ടിപ്പിലെ പ്രധാനി മറ്റൊരാള്‍ ആണെന്നും അയാളെ കണ്ടെത്തിയാല്‍ കൊലപ്പെടുത്തുക തന്നെ ചെയ്യുമെന്നും രവി പൂജാരി ഭീഷണി സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ട സംഭാഷണം രവി പൂജാരിയുടേത് തന്നെയാണെന്ന് പൊലീസ് ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

രാജ്യത്തെ നിരവധി പ്രമുഖര്‍ക്ക് രവി പൂജാരിയുടെ ചെറുതും വലുതുമായ ഭീഷണി മുന്‍പും നേരിട്ടിട്ടുണ്ട്. പുറത്ത് വരാത്ത വിവരങ്ങള്‍ ഇതിനേക്കാള്‍ പല മടങ്ങ് വരുമെന്നാണ് പൊലീസ് സംശയിക്കുന്നത്.

താന്‍ നോട്ടമിട്ടിട്ടുള്ള ആളുകളോട് ഒരു തരത്തിലുള്ള അനുകമ്പയും കിട്ടാത്ത അധോലോക നായകനാണ് രവി പൂജാരി. രാജ്യത്തിന് പുറത്ത് ഒളിവിലാണെങ്കിലും പല സംസ്ഥാനങ്ങളിലും ഈ അധോലോക നായകന് അനുയായികളുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കൊച്ചിയിലെ വെടിവയ്പ്പ് സംബന്ധമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.ബി ഡയറക്ടറേറ്റ് നേരിട്ട് ഇടപെട്ടാണ് ഈ അന്വേഷണം മോണിറ്റര്‍ ചെയ്യുന്നത്.

കൊച്ചി നഗരത്തില്‍ വലിയ സുരക്ഷ അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതു സംബന്ധമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് കേരള സര്‍ക്കാരിന് കൈമാറും. പട്ടാപ്പകല്‍ വെടിവയ്പ്പ് നടത്തി കടന്നു കളഞ്ഞവരെ പിടികൂടാന്‍ കഴിയാത്തത് വലിയ വീഴ്ചയായി തന്നെയാണ് സംസ്ഥാനത്തെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരും വിലയിരുത്തുന്നത്. പൊലീസില്‍ വ്യാപക അഴിച്ചുപണി നടത്തി സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് തന്നെ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ മാറ്റാന്‍ സര്‍ക്കാറും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ബിസിനസ്സ് നഗരങ്ങളില്‍ പ്രധാനമായ കൊച്ചിയുടെ സുരക്ഷക്ക് മാസ്റ്റര്‍ പ്ലാന്‍ തന്നെ തയ്യാറാക്കാനാണ് സര്‍ക്കാര്‍ നീക്കം.

സ്വകാര്യ സി.സി.ടി.വി സംവിധാനം ഉള്‍പ്പെടെ പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാക്കുമെന്നാണ് സൂചന. കൂടുതല്‍ സി.സി.ടി.വികള്‍ പൊലീസ് തന്നെ നഗരത്തില്‍ സ്ഥാപിച്ച് കണ്‍ട്രോള്‍ റൂമുമായി കണക്ട് ചെയ്യും. നഗരത്തില്‍ പൊലീസിങ്ങ് കൂടുതല്‍ ശക്തമാക്കും.

മുംബൈ അധോലോകം പോലെ ഒരിക്കലും കൊച്ചി മാറില്ലെന്നും കടുത്ത നടപടികള്‍ ഉണ്ടാകുമെന്നുമാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്.

രവി പൂജാരിയെ രാഷ്ട്രീയ കേരളത്തിന് സുപരിചിതമായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വന്ന ടെലിഫോണ്‍ ഭീഷണിയിലൂടെയാണ്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്ര ബോസ് വധ കേസ് പ്രതി നിസാമിനു വേണ്ടിയായിരുന്നു ചെന്നത്തലക്ക് വന്ന ഭീഷണി.

ഇന്ത്യയില്‍നിന്ന് വിട്ട് നിന്നിരുന്നുവെങ്കിലും ഷാരൂഖ് ഖാനും കരണ്‍ ജോഹറും അടക്കമുള്ള വമ്പന്മാരെ ഫോണ്‍കോളുകളിലൂടെ പണമാവശ്യപ്പെട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയാണ് പൂജാരി വീണ്ടും പേടി സ്വപ്‌നമായത്. ഷാരൂഖിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കരീം മോറാനിയോട് ഒരുതരത്തിലുള്ള ബന്ധവും ഇനി പുലര്‍ത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഷാരൂഖിനോടുള്ള ഭീഷണി. 2014ല്‍ ഹാപ്പി ന്യൂയര്‍ എന്ന സിനിമയുടെ റിലീസിംഗിനോട് അനുബന്ധിച്ചായിരുന്നു ഈ സംഭവം.

സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരും പൂജാരിയുടെ ഭീഷണികള്‍ക്ക് ഇരകളായിട്ടുണ്ട്. യുവഗായകന്‍ അര്‍ജിത് സിംഗിനെ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടാണ് ഈ അധോലോക നായകന്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍, അത്രയും തുക നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സുഹൃത്തിന് വേണ്ടി രണ്ട് പരിപാടികള്‍ സൗജന്യമായി ചെയ്തുകൊടുക്കണമെന്നായി ആവശ്യം. ജെ.എന്‍.യുവിലെ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനിക്കെതിരെയും ഭീഷണി ഉയര്‍ത്തി.കര്‍ണാടക മന്ത്രിമാരായിരുന്ന റാംനാഥ് റായ്, യു.ടി ഖാദര്‍, അഭയ് ചന്ദ്ര ജെയ്ന്‍ എന്നിവരും മറ്റ് രണ്ട് നിയമസഭാംഗങ്ങളും പൂജാരിയുടെ ഭീഷണി സന്ദേശങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. മുജാഹിദ്ദീന്‍ ഭീകരവാദി യാസിന്‍ ഭട്കലിന്റെ വക്കീലായ എം.എസ് ഖാനെയും ഫോണില്‍ വിളിച്ച് പൂജാരി കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

കൊച്ചി വെടിവയ് പോടെ വീണ്ടും സജീവമായ രവി പൂജാരിയുടെ അനുയായികളെ തേടി കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും രാജ്യത്ത് വ്യാപകമായ അന്വേഷണമാണ് ഇപ്പോള്‍ നടത്തി വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ