ഇന്ത്യയില്‍ മതവികാരം അതിരു കടക്കുന്നു

വിദ്വേഷാക്രമണങ്ങള്‍ വളരെയധികം നടന്ന ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. 93 ആക്രമണങ്ങളാണ് രാജ്യത്ത് 2018ല്‍ നടന്നത്. പത്ത് വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ മതത്തിന്റെ പേരില്‍ രാജ്യത്ത് ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നത് ഈ വര്‍ഷമാണ്. ഫാക്ട് ചെക്കര്‍ ഡോട്ട് ഇന്‍, ന്യൂസ് ക്ലിക്ക്.ഇന്‍ തുടങ്ങിയവര്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ കണ്ടെത്തിയിരിക്കുന്നത്. 75 ശതമാനം ആക്രമണങ്ങളും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആയിരുന്നു എന്നതാണ് ഇതിലെ വളരെ പ്രധാനപ്പെട്ട വസ്തുത.

2009 മുതലുള്ള കണക്കു പരിശോധിച്ചാല്‍ മത വിദ്വേഷ ആക്രമണങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടതും ഈ വര്‍ഷമാണ്. 30 പേര്‍. . 305 പേര്‍ക്കാണ് 93 ആക്രമണങ്ങളിലായി ഗുരുതര പരിക്കേറ്റത്.

എന്നാല്‍, ഇത്തരം വര്‍ഗ്ഗീയ ആക്രമണങ്ങളെ സംബന്ധിച്ച് കാര്യമായ പഠനങ്ങളോ റെക്കോര്‍ഡുകളോ ഇല്ല എന്നതാണ് വലിയ പ്രശ്‌നം. അതിനാല്‍ ഇന്ത്യയില്‍ ഇത്തരം വര്‍ഗ്ഗീയ വിദ്വേഷാക്രമണങ്ങള്‍ കൂടി വരുന്നതായും അതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ഈ വര്‍ഷത്തെ ആക്രമണ സംഭവങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശാണ്. 27 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബീഹാര്‍ 10 ആക്രമണ സംഭവങ്ങളുമായി തൊട്ടു പിന്നില്‍ തന്നെയുണ്ട്. ബിജെപി മുഖ്യ കക്ഷി ആയിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ 7 സംഭവങ്ങള്‍ വീതം ഈ കാലഘട്ടത്തില്‍ നടന്നു. ഇതില്‍ കര്‍ണ്ണാടകയില്‍ മാത്രമാണ് എന്‍ഡിഎ ഇതര മുന്നണി ഭരിക്കുന്നത്.

യുപിയിലും രാജസ്ഥാനിലും നാല് മരണങ്ങള്‍ വിദ്വേഷാക്രമണത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട വര്‍ഷമാണ് 2018.

81 ആക്രമണങ്ങളിലെ ഇരകളുടെ മതം കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജീവിതം എത്ര ദുഷ്‌ക്കരമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 81 ആക്രമണ സംഭവങ്ങളില്‍ 60 ശതമാനത്തിലും ഇരകളായിരിക്കുന്നത് മുസ്ലീംങ്ങളാണ്. 14 ശതമാനം ക്രിസ്ത്യാനികളും ഇന്ത്യയില്‍ ക്രൂരമായ ശാരീരിക പീഢനത്തിന്റെ ഇരകളാണ്. 20 സംഭവങ്ങളില്‍, അതായത് 25 ശതമാനം ആക്രമണങ്ങളില്‍ ഹിന്ദുക്കളും ഇരകളായിട്ടുണ്ട്.

2009 മുതലുള്ള കണക്കു പരിശോധിച്ചാല്‍, 66 ശതമാനം ആക്രമണ സംഭവങ്ങളിലും ക്രൂരതകള്‍ ഏറ്റുവാങ്ങിയത് മുസ്ലീം സമുദായത്തില്‍ പെട്ടവരാണ്. രാജ്യത്തെ ആകെ ജന സംഖ്യയുടെ 14 ശതമാനം മാത്രമേ മുസ്ലീംങ്ങള്‍ ഉള്ളൂ എന്നും ഓര്‍ക്കണം. 80 ശതമാനം ഹിന്ദുക്കളുള്ള രാജ്യത്ത് 16 ശതമാനം മാത്രമാണ് വിവിധ ആക്രമണങ്ങളില്‍ ഇരകളായിട്ടുള്ളത്. 32 കേസുകളില്‍ ആക്രമിക്കപ്പെട്ടവരുടെ മതം ആര്‍ക്കുമറിയില്ല.

വീണ്ടും 2018ലെ കണക്കുകളിലേയ്ക്ക് വന്നാല്‍, 30 മരണങ്ങള്‍ നടന്നിട്ടുള്ളതില്‍ 60 ശതമാനവും മുസ്ലീം സമുദായത്തില്‍ പെട്ടവരാണ്. 33 ശതമാനമാണ് ഹിന്ദുക്കള്‍. 7 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ്. 71 ശതമാനം ആക്രമണങ്ങളിലും ഹിന്ദുക്കളാണ് ആക്രമണം നടത്തിയതെങ്കില്‍ 27 ശതമാനത്തില്‍ മുസ്ലീംങ്ങളാണ് കുറ്റക്കാര്‍.

ഇതെല്ലാം മതധ്രുവീകരണത്തിനായുള്ള കണക്കുകളായി കാണരുത്. യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയില്‍ ജാതി-മത-വര്‍ഗ്ഗ വികാരങ്ങള്‍ എത്ര ഭീകരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയാതെ പോകരുത്. കലാപങ്ങളിലൂടെ വോട്ട് നേടി അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സിംഹാസനങ്ങളെ വിറപ്പിക്കാന്‍ സാധാരണക്കാരന്റെ വോട്ടവകാശം മാത്രം ആയുധമാക്കിയാല്‍ മതി. ഇത് തിരിച്ചറിയാതെ വൈകാരികമായ പ്രശ്ങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ പിളര്‍ത്തി അതില്‍ മുതലെടുപ്പ് നടത്തി ഇനിയും മുന്നോട്ട് പോകാം എന്ന് ചിന്തിക്കുന്നത് അപലപനീയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ