നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നു പറഞ്ഞാല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുക എന്നാണോ ?

സംസ്ഥാന സര്‍ക്കാര്‍ ഈ ചോദ്യത്തിനു മറുപടി പറയണം.നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നു പറഞ്ഞാല്‍ ഹിഡന്‍ അജണ്ടയുമായി വരുന്ന യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുക എന്നാണോ ?

വനിതാമതില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനു വേണ്ടിയല്ല എന്ന് പറഞ്ഞ സി.പി.എം നേതാക്കളും നിലപാട് വ്യക്തമാക്കണം. കേരളത്തെ കലാപത്തിലേക്ക് തള്ളിവിട്ടത് പൊലീസിന്റെ അപക്വമായ നിലപാടിന്റെ ഭാഗം തന്നെയാണ്.കാവി രാഷ്ട്രീയത്തിന് സംസ്ഥാനത്ത് വേരുറപ്പിക്കുന്നതിനുള്ള സാഹചര്യമാണ് ഇതുവഴി സൃഷ്ടിച്ച് കൊടുത്തിരിക്കുന്നത്.യുവതീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി അന്തിമ വിധി വരും വരെ കാത്ത് നില്‍ക്കാതെ എന്തിനാണ് വാശി തീര്‍ത്തത്. ബഹു ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഇപ്പോള്‍ കനകദുര്‍ഗ്ഗയും ബിന്ദുവും കാണിച്ച സാഹസത്തെ അനുകൂലിക്കുന്നവരുമല്ല.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്ന പ്രതിപക്ഷ പ്രചരണം ശരിയെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.സുപ്രീം കോടതി അന്തിമ വിധി വരെ കാത്തു നില്‍ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കാമായിരുന്നു.ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ഏഴുദിവസത്തെ ആസൂത്രണം നടന്നതായാണ് സൂചന.2018 ഡിസംബര്‍ 24 ന് ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ കനക ദുര്‍ഗ്ഗയും ബിന്ദുവും വീടുകളിലേക്ക് മടങ്ങാതെ വാശി പിടിച്ച് നിന്നത് ബോധപൂര്‍വ്വമാണ്. ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഒരു വിശ്വാസിയുടേതല്ല.

വനിതാ മതില്‍ ഒരു വലിയ സംഭവമായത് അതില്‍ ജാതി – മത ഭേദമന്യേ വനിതകള്‍ പങ്കെടുത്തത് കൊണ്ടാണ്. സംഘടനാപരമായി സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ഉള്ള സ്വാധീനത്തിന്റെ പ്രതിഫലനം കൂടി ആയിരുന്നു അത്.എന്നാല്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നടന്ന മതിലില്‍ പങ്കെടുത്ത എത്ര സ്ത്രീകള്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ അംഗീകരിക്കുന്നുണ്ട് എന്ന കാര്യം പരിശോധിക്കുന്നത് നല്ലതാണ്.

ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തി വരുന്നവര്‍ക്കല്ല, യഥാര്‍ത്ഥ വിശ്വാസികള്‍ക്കാണ് സുരക്ഷ ഒരുക്കിയതെങ്കില്‍ അതിന് ന്യായീകരണം ഉണ്ടാവുമായിരുന്നു.

ഇത് രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച് നടത്തിയ ഇടപാടായി പോയി. വിശ്വാസി സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടി തന്നെയാണത്.നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി എന്ന് അഭിമാനത്തോടെ പറയുന്ന നിരവധി സഖാക്കള്‍ ഉള്ള നാടാണ് കേരളം. അതുപോലെ നിങ്ങള്‍ എന്നെ സംഘപരിവാറാക്കി എന്ന് മറ്റുള്ളവരെ കൊണ്ടു പറയിപ്പിക്കരുത്. ഇത്തരം അപക്വമായ നടപടികള്‍ വിശ്വാസ സമൂഹത്തെ ഇടതുപക്ഷത്തില്‍ നിന്നും അകറ്റാനേ വഴിവയ്ക്കൂ.

യുവതികളെ ശബരിമലയില്‍ കയറ്റും എന്നു വാശി ഉണ്ടായിരുന്നെങ്കില്‍ അത് വനിതാ മതിലിനു മുന്‍പ് ചെയ്യണമായിരുന്നു. വിശ്വാസികള്‍ എന്ത് വന്നാലും ഒപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.

സുപ്രീം കോടതി വിധികള്‍ ഏതായാലും അതെല്ലാം നടപ്പാക്കേണ്ടത് തന്നെയാണ് അത് പള്ളി തര്‍ക്കമായാലും നടപ്പാക്കേണ്ടതല്ലേ എന്ന് ഒരു വിഭാഗത്തെ കൊണ്ട് ചോദിപ്പിക്കുന്നതും ശരിയായ നടപടിയല്ല.
മതങ്ങള്‍ തീര്‍ക്കുന്ന സ്വപ്ന ലോകത്തല്ല കമ്യൂണിസ്റ്റുകള്‍, എരിയുന്ന വയറുകള്‍ക്ക് ജാതിയും മതവും അവര്‍ കാണുന്നുമില്ല. മഹത്തായ ആ ആശയത്തെ അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ പട്ടിണി കിടക്കുമ്പോള്‍ പോലും മന:സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെയും മാനിക്കേണ്ടത് തന്നെയാണ്.

പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകള്‍ക്ക് എത്രമേല്‍ പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ വിശ്വാസി സമൂഹത്തിന് അവന്റെ ആരാധനമൂര്‍ത്തിയും ഏറെ പ്രിയപ്പെട്ടതു തന്നെയാണ്.
കമ്യൂണിസ്റ്റുകളിലെ കരിങ്കലികളെ എങ്ങനെയാണോ സി.പി.എം കാണുന്നത് അതു പോലെ വിശ്വാസി ചമയുന്ന കരിങ്കാലികളെ കാണാനും പ്രതികരിക്കാനും വിശ്വാസികള്‍ക്കും അവകാശമുണ്ട്.