ലൂസി സിസ്റ്ററിന് നവോത്ഥാനം വേണ്ടെ?

റോയ് മാത്യു
ഇക്കണ്ട മലയാളക്കരയിലെ സകല വനിതകളുടേയും നവോത്ഥാനവും പുരോഗതിയും നില നിർത്താൻ സദാ സദ് കർമ്മങ്ങൾ മാത്രം ചെയ്യുന്ന ഇടത് പക്ഷ വനിതകളും ഫെമിനിസ്റ്റുകളും സർവോപരി ആണധികാരത്തിനെതിരെ കുരിശുയുദ്ധം നയിക്കുന്ന സ്ത്രീ രത്നങ്ങൾ കത്തോലിക്കാ സഭയിലെ സ്ത്രീവിരുദ്ധ നിലപാടുകൾ കണ്ടിട്ട് മിണ്ടാതിരിക്കയാണോ ?
കത്തോലിക്ക സഭയിലെ ചില ദുർന്നടത്തുകൾക്കെതിരെ പ്രതികരിക്കാറുള്ള സിസ്റ്റർ ലൂസി കളപ്പുര ക്കെതിരെ സഭ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിക്കാൻ തന്റേടം കാണിക്കണം – മതില് പണിഞ്ഞില്ലെങ്കിലും വേണ്ടില്ല, ചെറിയ മുള്ളുവേലിയെങ്കിലും കെട്ടിയാൽ കൊള്ളാം!

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനെയുള്ള സമരത്തിലും മറ്റും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ അംഗമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മദർ ജനറലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

സിസ്റ്റർ ലൂസി കളപ്പുരക്കലിന് കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിനും മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുത്തതിനും ചാനൽ ചർച്ചയിൽ ഫോണിൽ കൂടി അറ്റൻഡ് ചെയ്തതിനും ഒരു warning ലെറ്റർ കൊടുത്തിരിക്കുന്നു….
അത് കൂടാതെ സ്വന്തം ആയി കാർ വാങ്ങി…. എറണാകുളത്തു പോയി…. അങ്ങനെ കുറെ കാര്യങ്ങളാണ് കുറ്റങ്ങളാണ് ചാർത്തിയിരിക്കുന്നത്.
നാളെ അതായത് 09/01/2019 നു ജനറലേറ്റിൽ നേരിട്ട് മദർ ജനറലിന് മുന്നിൽ ഹാജരാകാൻ ആണ് നോട്ടീസ്… കാറ് മേടിക്കുന്നതും ചാനലിനോട് സംസാരിക്കുന്നതും കർത്താവിനെതിരെ യാണെന്നാണ് മദർ ജനറലിന്റെ കണ്ടെത്തൽ. സ്നേഹ മഴയിൽ എന്ന പുസ്തകം എഴുതിയതു തന്നെ വല്യ കുറ്റമാണെന്നുമൊക്കെയാണ് മദർ അമ്മച്ചിയുടെ വാറോലയിൽ പറയുന്നത്.

കന്യാസ്ത്രീകൾ വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടിരൂപതയിൽ പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയിൽ സിസ്റ്റർ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുർബാന നൽകൽ, സൺഡേ സ്കൂൾ അധ്യാപനം, ഭക്തസംഘടനാ പ്രവർത്തനം, ഇടവക യൂണിറ്റ് പ്രവർത്തനം, പ്രാർഥനാ കൂട്ടായ്മ എന്നിവയിൽ നിന്ന് സിസ്റ്റർ ലൂസിയെ മാറ്റി നിർത്തണമെന്ന് വികാരി മദർ സുപ്പീരിയർ വഴി അറിയിച്ചിരുന്നു. ഇതിനെതിരെ ഇടവക ജനങ്ങൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ വിലക്ക് പിൻവലിച്ചു.

ജന രോഷം പതുക്കെ തണുത്തു തുടങ്ങിയപ്പോൾ കത്തോലിക്ക സഭ പണി തുടങ്ങി. കാരണം കാണിക്കൽ നോട്ടീസിലൂടെ പുറത്താക്കലാണ് ലക്ഷ്യം. എതിർ ശബ്ദങ്ങളെ കുഴിച്ചുമൂടുകയാണ് പതിവ് ആചാരങ്ങൾ – അതിന് വഴങ്ങാത്തവർക്ക് കിണറ്റിലേക്ക് സ്ഥലം മാറ്റം !
സ്ത്രീ വിമോചനക്കാർക്ക് പള്ളിയേയും പട്ടക്കാരനേയും പൊതുവെ പേടി ആയത് കൊണ്ട് ആ വഴി വരാറില്ല – കുറഞ്ഞ പക്ഷം മനിതി, തൃപ്തി ദേശായി തുടങ്ങിയ സ്ഥിരം നാടകവേദിക്കാരെ എങ്കിലും ഇറക്കേണ്ടി വരും. –
വോട്ട് ബാങ്കിനെ ഭയമില്ലാത്തവർ ഇക്കാര്യത്തിൽ ധൈര്യമായി ഇടപെട്ട് സിസ്റ്ററിന് നീതി ഉറപ്പാക്കാൻ മുന്നോട്ട് വരണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ