അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ദേവസ്വംബോര്‍ഡിലും തൊണ്ണൂറു ശതമാനം ക്ഷേത്രങ്ങളിലും സവര്‍ണാധിപത്യമാണെന്നും തമ്പ്രാക്കന്‍മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം സംബന്ധിച്ച സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങാനശ്ശേരിയും ഒരു തന്ത്രിയുമാണെന്നും അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം തന്നെയായിരുന്നെന്നും വോട്ടുകള്‍ ബിജെപിയിലേയ്ക്കു പോകുമെന്നും യുഡിഎഫിന് സര്‍വ്വനാശം സംഭവിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇടതു പക്ഷത്തിന് ഒരു ചുക്കും സഭവിക്കില്ലെന്നും പൊതുജനം കഴുതയാണെന്ന് ആരു കരുതരുതെന്നും സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് ബിജെപിയാണെന്നും അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും ശബരിമല പ്രശ്‌നത്തില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ അവര്‍ക്ക് തുടരാനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ശബരിമല വിഷയം ലോക്‌സ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണമാകുമെന്നും ഇത് ഉപയോഗിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ വിജയമായിരുന്നെന്നും എന്നാല്‍, വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകള്‍ കയറിയതോടെ മതില്‍ പൊളിഞ്ഞ് പോയെന്നും വെള്ളാപ്പള്ളി കവിഞ്ഞ ദിവസവും തുറന്നടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ