യുവർ ഓണർ ….. ദിസ് ഈസ് ടു മച്ച് ….

റോയ് മാത്യു
വക്കീലമ്മാരും പത്രക്കാരും തമ്മിൽ ഹൈക്കോടതി വളപ്പിൽ അടി കുടിയ സംഭവത്തെ ക്കുറിച്ച് ആറ് മാസം കൊണ്ട് അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാൻ നിയമിച്ച കമ്മീഷന് വേണ്ടി ഒന്നേകാൽ കോടി ചെലവാക്കിയിട്ടും അന്വേഷണ മെങ്ങുമെത്തി യില്ലെന്ന് നിയമസഭാ രേഖകൾ –

നാല് പ്രാവശ്യ മായി കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തിട്ടും സർക്കാരിന് റിപ്പോർട്ട് കിട്ടിയിട്ടില്ല.
2016 ജൂലൈ 20ന് ഹൈക്കോടതിക്കു മുന്നിൽ വെച്ച് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതേക്കുറിച്ച് അന്വേഷിക്കാൻ 2016 നവംബർ 24 ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദിനെ സർക്കാർ അന്വേഷണ കമ്മീഷനായി നിയമിച്ചു.

എന്തിനു മേതിനും ജുഡീഷ്യൽ അന്വേഷണമെന്ന മുറവിളി കേരളത്തിലൊരു പതിവ് പല്ലവിയാണ്. സർക്കാർ പണം ധൂർത്തടിക്കാമെന്നല്ലാതെ ഇമ്മാതിരി റിപ്പോർട്ടുകളൊന്നും ആരും കണ്ടതായി പ്പോലും നടിക്കാറില്ല – റിട്ടയർ ചെയ്ത ജഡ്ജിമാർക്ക് ഒരു താൽക്കാലിക ലാവണം – അതല്ലാതെ പൊതു സമൂഹത്തിനെന്ത് ഗുണം?

5/12/2018 ൽ നിയമ സഭയിൽ വി.ഡി.സതീശന്റെ ചോദ്യത്തിന് നൽകിയ മറുപടി പ്രകാരം മുഹമ്മദ് കമ്മീഷന് വേണ്ടി 121, 44, 418 രൂപ ( ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തി നാല്പത്തിനാലായിരത്തി നാനൂറ്റിപതിനെട്ട് ) ചെലവാക്കിയിട്ടും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാനായിട്ടില്ല. –
വക്കീലമ്മാരും പത്രക്കാരും തെരുവിൽ കെടന്നടി കൂടിയതിന്റെ ചെലവും നാട്ടുകാരുടെ മുതുകത്താണ്.

എന്തിനു മേതിനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന മുറവിളി നടത്തുന്നവർ പോലും അന്വേഷണ കമ്മീഷനെ നിയമിച്ചാൽ കമ്മിഷന് മുന്നിൽ പോയി തെളിവ് കൊടുക്കാറില്ല.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ അഴിമതി ആരോപണം ഉയർത്തിയവർ പോലും ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ മുമ്പാകെ മൊഴി നൽകാൻ എത്തിയില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ മറ്റൊരു വെള്ളാനയാണ് വി എസ് അച്ചുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമ്മീഷൻ – 2018 ഡിസംബർ 31 വരെ ഈ കമ്മീഷനു വേണ്ടി 457 , 09, 086 (നാല് കോടി അമ്പത്തിയേഴ് ലക്ഷത്തി ഒമ്പതിനായിരത്തി എൺപത്തിയാറ്) രൂപ ചെലവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയാണിത്. കമ്മീഷൻ സർക്കാരിന് മൂന്ന് ഭരണ പരിഷ്കാര റിപ്പോർട്ടും കൊടുത്തിട്ടുണ്ട്. സർക്കാർ ഈ മൂന്ന് റിപ്പോർട്ടും കെട്ടി തട്ടിൻപുറത്ത് വെച്ചിട്ടുണ്ട് . റിപ്പോർട്ടുകൾ തട്ടിൻപുറത്തേക്ക് തട്ടുന്നതും ഭരണപരിഷ്കാരത്തിന്റെ ഭാഗമാണോ?
പോരെ – ഇതിൽ കൂടുതൽ എന്ത് വേണം? തന്റെ റിപ്പോരട്ടുകൾ സർക്കാർ ഒന്ന് തുറന്നു പോലും നോക്കാത്ത സാഹചര്യത്തിൽ എന്തിനാണാവോ പൊതുഖജനാവിലെ പണം തിന്ന് തീർക്കാനവിടെ ഇദ്ദേഹം ചടഞ്ഞു കൂടുന്നത്?
മാനാഭിമാനമുണ്ടെങ്കിൽ ഇറങ്ങിപ്പോകണം!

അപ്പോ പിന്നെ ആർക്കു വേണ്ടിയാണീ വെള്ളാനകൾ ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ