ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറ്റുരക്കാന്‍ ഒരുങ്ങി ഉമ്മന്‍ചാണ്ടി അടക്കം നാലു സിറ്റിങ് എം എല്‍ എമാര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയടക്കം നാലു സിറ്റിങ് എംഎല്‍എമാരെ ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കുന്ന കാര്യമാണ് നേതൃത്വത്തിന്റെ പരിഗണനയിലുളളത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. നാലു പേരും ജയിച്ചാലും, ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫില്‍ ഉണ്ടാകാനിടയുളള പ്രശ്‌നങ്ങളാണ് ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനം. വിജയസാധ്യതയാണ് സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കുന്നതിനെ കുറിച്ചുളള ആലോചനയുടെ അടിസ്ഥാനവും. എന്നാല്‍ ഇവര്‍ നാലാളും പാര്‍ലമെന്റിലേക്ക് ജയിച്ചാലുണ്ടാകുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളോര്‍ത്താണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ തലപുകയ്ക്കുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി, പാലക്കാട്ട് ഷാഫി പറമ്പില്‍. സിറ്റിങ് എംഎല്‍എമാരുടെ കൂട്ടത്തില്‍ നിന്ന് കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടം നേടിയവര്‍ ഇവര്‍ മൂവരുമാണ്. എറണാകുളത്ത് ഹൈബി ഈഡനെ മല്‍സരിപ്പിക്കാനുളള നീക്കവും ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നുണ്ട്.

ഹൈബിയില്ലെങ്കിലും ഉറച്ച കോട്ടയായ എറണാകുളം നിലനിര്‍ത്താമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അടൂര്‍ പ്രകാശില്ലാതെ കോന്നിയും ഉമ്മന്‍ചാണ്ടിയില്ലാതെ പുതുപ്പളളിയും ഷാഫിയില്ലാതെ പാലക്കാടും നിലനിര്‍ത്തുക ദുഷ്‌കരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

22 ആണ് നിലവില്‍ സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം . സിറ്റിങ് എംഎല്‍എമാര്‍ ജയിച്ച ശേഷമുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയമുണ്ടായാല്‍ ഈ എണ്ണം ഇനിയും കുറയും . എന്നുവച്ചാല്‍ ഇപ്പോള്‍ 17 എംഎല്‍എമാരുളള മുസ്്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുളള അന്തരം വളരെ നേര്‍ത്തതാകുമെന്ന് ചുരുക്കം. അങ്ങനെയൊരു സാഹചര്യം ഐക്യമുന്നണി ഘടനയില്‍ പാര്‍ട്ടിക്കുളള മേധാവിത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു. വിലപേശലിനുളള സാഹചര്യങ്ങളെല്ലാം ലീഗ് നന്നായി ഉപയോഗിച്ച മുന്നനുഭവങ്ങള്‍ ഏറെയുളള പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെയാണ് സിറ്റിങ് എംഎല്‍എമാരെ കൂട്ടത്തോടെ മല്‍സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വം പുനരാലോചിക്കുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ