ശബരിമലയില്‍ ദര്‍ശനം നടത്തിയത് 2 യുവതികളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയത് 2 യുവതികളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ദര്‍ശനം നടത്തിയത് 2 യുവതികളാണെന്നും കടകംപള്ളി നിയമസഭയെ രേഖാമൂലം അറിയിച്ചു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  51 പേര്‍ ദര്‍ശനം നടത്തിയെന്നായിരുന്നു സർക്കാരിനുവേണ്ടി നേരത്തെ  സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വിശദമാക്കിയത്.

ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചാല്‍ നടയടച്ച് പരിഹാരക്രിയയ്ക്ക് ദേവസ്വം മാനുവലില്‍ നിര്‍ദേശമില്ല. അശുദ്ധിയുണ്ടായാല്‍ ദേവസ്വം അധികൃതര്‍ക്ക് തന്ത്രിയുമായി ആലോചിച്ച് പരിഹാരക്രിയ നടത്താം.അനുമതി വാങ്ങാത്തതിനാലാണ് തന്ത്രിയോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു . ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാര ക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥര്‍ ആണ് ശുദ്ധിക്രിയക്ക് നടപടി സ്വീകരിക്കേണ്ടത് . ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല.

അതേസമയം ദേവസ്വം മാന്വൽ അനുസരിച്ച് പ്രവര്‍ത്തിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നും ദേവസ്വം മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു . തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ , കെ മുരളീധരൻ , അനില്‍ അക്കര എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത് . മണ്ഡല മകരവിളക്കുകാലത്തെ ആകെ വരുമാനവും കുറഞ്ഞു . ഇത്തവണ 180.18 കോടി രൂപയാണ് ആകെ ലഭിച്ചത് . കഴിഞ്ഞ വര്‍ഷൺ 279.43 കോടി രൂപ ആയിരുന്നു വരുമാനമെന്നും കടകംപള്ളി സുരേന്ദ്രന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ