മുട്ടത്തു വർക്കി ഗ്ലോബൽ സാഹിത്യ പുരസ്ക്കാരം രതീദേവിക്ക്

ചിക്കാഗോ : 2018ലെ മുട്ടത്തു വർക്കി ഗ്ലോബൽ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരി രതീദേവിക്ക് നൽകുമെന്ന് ജൂറി അംഗങ്ങൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രതീദേവിയുടെ “മഗ്ദലീനയുടേയും (എന്റെയും) പെൺ സുവിശേഷം ” എന്ന നോവലിനാണ് അവാർഡ്.മലയാളത്തിലെ മികച്ച നോവലിന് ന്യൂയോർക്ക് ആസ്ഥാനമായുള്ള മുട്ടത്തു വർക്കി ഗ്ലോബൽ സാഹിത്യ പുരസ്കാര സമിതിയാണ് അവാർഡ് നൽകുന്നത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് മാർച്ച് ഒൻപതിന് ഷിക്കാഗോയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മുട്ടത്തുവർക്കിയുടെ മരുമകൾ അന്ന മുട്ടത്ത് ചെയർമാനായും മാധ്യമ പ്രവർത്തകരായ കെ.പി.ഒ റഹ്മത്തുള്ള, അനിൽ പെണ്ണുക്കര, എഴുത്തുകാരനായ ടോം മാത്യു ന്യൂജേഴ്സി എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

അവാർഡ് കമ്മിറ്റിയുടെ വിലയിരുത്തൽ ഇങ്ങനെയാണ് .
നോവലിന്റെ എഴുത്തിന്റെ പശ്ചാത്തലം പരിഗണിക്കുമ്പോൾ മറ്റുള്ള നോവലുകളിൽ നിന്നും വ്യത്യസ്തമായ ഒരു രചനയാണിത്. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന മഗ്ദലിനയും ഇന്നിന്റെ പ്രതീകമായ ലക്ഷ്മിയും തമ്മിലുള്ള സംവേദനം പുതിയ രചനാ തന്ത്രത്തിന് ഉദാഹരണമാണ്.
ഒരു ക്ലാസിക് സ്വഭാവവും, കാവ്യാത്മകമായ ഭാഷയും ഉപയോഗിച്ച് ചരിത്രത്തിന്റെ അപനിർമ്മാണം കൂടിയായി ഈ കൃതിയെ മാറ്റാൻ രതീദേവിക്ക് കഴിഞ്ഞു.
മനുഷ്യ സംസ്കാരങ്ങളുടെ ഏത് സമയത്തും വളരെ അനിവാര്യമായ, നിശബ്ദമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ ഇടങ്ങളെ സമൂഹത്തിന് കാട്ടിക്കൊടുക്കുന്നു. കാലം ആവശ്യപ്പെട്ടുന്ന സ്ത്രിത്വത്തിന്റെ നിശബ്ദ സാന്നിദ്ധ്യം നിർഭയത്തിന്റെ ഒപ്പം യഥാർത്യബോധത്തിന്റെ ഒരു അവസ്ഥയിലേക്ക് വായനക്കാരനെ ചിന്തിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നു. ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന ലോകം ഇനിയും ചർച്ച ചെയ്യാത്ത സ്ത്രീത്വത്തിന്റെ പച്ചയായ സംവേദനങ്ങൾ ഇതിലുണ്ട്. അത് ഇനിയും ചർച്ച ചെയ്യപ്പെടണം.
വാർത്താ സമ്മേളനത്തിൽ ജൂറി അംഗങ്ങളായ കെ.പി.ഒ റഹ്മത്തുള്ള, അനിൽ പെണ്ണുക്കര എന്നിവർ പങ്കെടുത്തു.
രതീദേവിയുടെ ഈ നോവൽ നേരത്തെ പത്തോളം പുരസ്കാരം നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ഉൾപ്പെടെ നിരവധി ഭാഷകളിൽ ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ താമരക്കുളം സ്വദേശിയായ രതീദേവി സാഹിത്യകാരി എന്നതിനു പുറമെ മനുഷ്യാവകാശ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും കൂടിയാണ്. അന്താരാഷ്ട്ര വനിതാ വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രതീദേവി പത്തുവർഷം കൊണ്ടാണ് ഈ ഈ നോവൽ പൂർത്തിയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ