സീറ്റ് നിര്‍ണയത്തില്‍ ധാരണയായില്ല; കേരളകോണ്‍ഗ്രസുമായി ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി യുഡിഎഫ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. രണ്ടു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്.

അതേസമയം, തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അറിയിച്ചിട്ടുണ്ട്. രണ്ട് സീറ്റ് വേണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്ന് നേരത്തെ തന്നെ പി.ജെ ജോസഫ് അറിയിച്ചിരുന്നു. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കുമെന്നും ജോസഫ് അറിയിച്ചിരുന്നു.

അതേസമയം പി.ജെ.ജോസഫുമായി സമവായത്തിന് തയ്യാറാകാതെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് മാണി ഗ്രൂപ്പ്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത പുറത്തേയ്ക്ക് വന്നത്. പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കു രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നാണു പുതിയ തീരുമാനം.