കോട്ടയത്തെ സ്ഥാനാര്‍ത്ഥി തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുത്; എപ്പോള്‍ പാര്‍ട്ടി വിട്ടാലും യുഡിഎഫില്‍ ചേര്‍ക്കണം: പി.ജെ ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍ വച്ച് പി.ജെ.ജോസഫ് എംഎല്‍എ. കെ.എം.മാണിയുമായും ജോസ് കെ.മാണിയുമായും കോണ്‍ഗ്രസ് ചര്‍ച്ചനടത്തി പ്രശ്‌നപരിഹാരത്തിന് വഴി കണ്ടെത്തണമെന്നാണ് ജോസഫിന്റെ ആവശ്യം.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് ജോസഫ് ഉപാധികള്‍ മുന്നോട്ട് വച്ചത്. തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. എപ്പോള്‍ പാര്‍ട്ടി വിട്ടു വന്നാലും യുഡിഎഫില്‍ ഇടം നല്‍കണമെന്നും കോട്ടയത്തെ സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും ജോസഫ് ആവശ്യപ്പെട്ടു. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ജോസഫിനൊപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുമായി ഒന്നിച്ചുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ബുധനാഴ്ച രാവിലെ ജോസഫ് ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തു മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്ന് ജോസഫ് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അറിയിച്ചിരുന്നു.

മാണി വിഭാഗവുമായി ഒരുതരത്തിലും യോജിച്ചുപോകാനാകില്ലെന്നും ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് ഇരുവരോടും രാവിലെ പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു ഒന്നിച്ചുള്ള കൂടിക്കാഴ്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ