എല്‍ഡിഎഫിന്റെ ആലത്തൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പുരോഹിതന്‍; ചട്ട ലംഘനമെന്ന് യുഡിഎഫ്

പാലക്കാട്: എല്‍ഡിഎഫിന്റെ ആലത്തൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട പുരോഹിതരെ പങ്കെടുപ്പിച്ചതിനെതിരെ അനില്‍ അക്കര എംഎല്‍ംഎ. ഇക്കാര്യം ചട്ട ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് വടക്കഞ്ചേരിയില്‍ എല്‍ഡിഎഫ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 20 ഓളം യാക്കോബായ വിഭാഗത്തിലെ പുരോഹിതരും പങ്കെടുത്തു. ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുക വഴി ഒരു പ്രത്യേക മത വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കാണ് എന്ന് സിപിഎം പ്രചരിപ്പിക്കുകയാണെന്നാണ് അനില്‍ അക്കര എംഎല്‍എയുടെ ആരോപണം.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ച കമ്മീഷന്‍, ഇക്കാര്യത്തില്‍ നടപടി എടുക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറില്ലെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി കെ ബിജു എംപി ക്കെതിരെയും നടപടി വേണമെന്നും അനില്‍ അക്കര പറഞ്ഞു.