വ്യക്തിപരമായി ആഗ്രഹമുണ്ട്, അത് പ്രായോഗികമല്ല; മത്സരിക്കാനില്ലെന്ന് തീര്‍ത്ത് പറഞ്ഞ് കെ.സി

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുല്ലപ്പളളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായി ആഗ്രഹമുണ്ട് മത്സരിക്കാന്‍. എന്നാല്‍ അത് പ്രായോഗികമല്ല. സുപ്രധാനചുമതലകള്‍ ഉളളതിനാലാണ് തീരുമാനമെന്ന് വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ജനത്തോടുളള നീതികേടാണ്-കെ.സി പറഞ്ഞു.

അതേസമയം, കെ സി വേണുഗോപാല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ പകരം ആര് എന്ന ചര്‍ച്ച യുഡിഎഫ് ക്യാമ്പുകളില്‍ സജീവമായി. വി എം സുധീരന്‍ അടക്കം നിരവധി നേതാക്കളുടെ പേരുകളാണ് ആലപ്പുഴയിലേക്ക് യുഡിഎഫ് പരിഗണിക്കുന്നത്. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന ആത്മവിശ്വാസത്തില്‍ ഒരു മാസം മുമ്പ് തന്നെ ഈ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു.

ആലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റുറകളും വേണുഗോപാലിന്റെ ചിത്രങ്ങള്‍ സഹിതം പതിച്ചു. കെ സി വേണുഗോപാല്‍ തന്നെയാകും സ്ഥാനാര്‍ത്ഥി എന്ന പ്രതീക്ഷയില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് ആലപ്പഴ മണ്ഡലത്തെ യുഡിഎഫ് നോക്കി കണ്ടത്.

എന്നാല്‍ ഇടതുമുന്നണി കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ ഘട്ടത്തിലാണ് കെ സി വേണുഗോപാല്‍! മല്‍സരിക്കാനില്ലെന്ന പ്രഖ്യാപനം വന്നത്. ദില്ലിയിലെ തിരക്കാണ് പ്രധാനമായും മാറി നില്‍ക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ കെ സി വേണുഗോപാല്‍ മാറി നിന്നതിന്റെ ഞെട്ടലിലാണ് ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ്.

പ്രചരണത്തില്‍ മുന്നേറിക്കഴിഞ്ഞ ഇടതുമുന്നണിയുടെ എ എം ആരിഫിനെ തോല്‍പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യമാണ് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാമ്പുകളിലെങ്ങും. കെ സി വേണുഗോപാല്‍ പിന്‍മാറിയതോടെയ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കാണുന്നത് വി എം സുധീരനെയാണ്.

എന്നാല്‍ വി എം സുധീരന്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണിപ്പോഴും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, ബാബു പ്രസാദ്, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കൂടിയായ പി സി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷന്‍ എം ലിജു എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് ആലപ്പുഴയില്‍ സജീവമായി പരിഗണിക്കുന്നു. ജില്ലയ്ക്ക് പുറത്തുള്ള മറ്റു നേതാക്കളെയും പരിഗണിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്.