ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചിട്ടില്ല; ആരോപണം നിഷേധിച്ച് ഫാ. പോള്‍ തേലക്കാട്

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം ഫാ. പോള്‍ തേലക്കാട് നിരസിച്ചു. താന്‍ രേഖകളൊന്നും ചമച്ചിട്ടില്ല. മറ്റ് ചിലരില്‍ നിന്ന് ലഭിച്ച രേഖകള്‍ അക്കാര്യം വ്യക്തമാക്കി തന്നെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തത്. സഭയുടെ ചില സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് നല്‍കിയതെന്നും തേലക്കാട് കൂട്ടിച്ചേര്‍ത്തു

സമര്‍പ്പിച്ച രേഖകളുടെ ആധികാരികത തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് പരസ്യപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ സഭയുടെ ഭാഗത്ത് നിന്ന് പരാതി ഉണ്ടായത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പോലീസ് കേസെടുത്ത സ്ഥിതിക്ക് കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും തേലക്കാട് കൂട്ടിച്ചേര്‍ത്തു. കാക്കനാട് സെന്റ തോമസ് മൗണ്ടില്‍ നിന്നും സിറോമലബാര്‍ ഇന്റര്‍നെറ്റ് മിഷനിലെ ഫാ.ജോബി മാപ്രക്കാവില്‍ എം.എസ്.ടിയാണ് തേലക്കാടിനെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം ഫാ. പോള്‍ തേലക്കാടിനെതിരെ ഈ മാസം എട്ടിനാണ് തൃക്കാക്കര പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്രിമിനല്‍ നടപടി നിയമം 154ാം വകുപ്പ് പ്രകാരം ആണ് എഫ്.ഐ.ആര്‍. ഐ.പി.സി 1860 ലെ സെക്ഷന്‍ 471, 468, 34 എന്നിവ പ്രകാരമാണ് കേസ്. പരാതിക്കാരന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആയ സിറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ചു മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിന്റെ ള്ളടക്കം