ലോക്‌സഭാ തെരഞ്ഞെടുപ്പ് : 2016ല്‍ അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കുന്ന വോട്ടെടുപ്പ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയത്. 2016ല്‍ അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കുന്ന ഒന്നായിരിക്കും ഇത്തവണ ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത് എന്നാണ് അന്താരാഷ്ട്ര തലത്തില്‍ പോലും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അസ്സോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2017-18 കാലഘട്ടത്തില്‍ വിവിധ ദേശീയ പാര്‍ട്ടികള്‍ക്കു വേണ്ടി കോര്‍പ്പറേറ്റ് ശൃംഖല ചെലവാക്കിയത് 422 കോടി രൂപയാണ്. അതേ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ആകെ ഉണ്ടായിട്ടുള്ള സാമ്പത്തിക സംഭാവനകളുടെ 89.82 ശതമാനമാണിത്. ഇതില്‍ത്തന്നെ 400 കോടി ബിജെപിയും 19 കോടി കോണ്‍ഗ്രസുമാണ് സ്വീകരിച്ചത്. കണക്കുകളില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതി എന്റര്‍പ്രൈസസിന്റെ കീഴിലുള്ള പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് സ്ഥാപനമാണ് 154 കോടി രൂപ ബിജെപിയ്ക്ക് നല്‍കിയിരിക്കുന്നത്.

അടുത്തിടെ രണ്ട് ധനകാര്യ നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ നടത്തി. കോര്‍പ്പറേറ്റ് ലാഭത്തിന്റെ 7.5 ശതമാനം മാത്രമേ സംഭാവനകള്‍ക്കായി വിനിയോഗിക്കാവൂ എന്ന ചട്ടം എടുത്തു കളഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം എന്ന കാര്യവും ഇപ്പോള്‍ അപ്രസക്തമാണ്. 2017-18 കാലഘട്ടങ്ങളില്‍ ആകെ പാര്‍ട്ടികള്‍ വാങ്ങിയ സംഭാവനകളുടെ 10 ശതമാനം മാത്രമാണ് വ്യക്തകള്‍ നല്‍കിയിട്ടുള്ളത്. 2,772 പേരോളം ചേര്‍ന്ന് വെറും 47 കോടി മാത്രമാണ് സംഭാവന ചെയ്തിട്ടുള്ളതെന്ന് എഡിആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാക്കി തുക കോര്‍പ്പറേറ്റ് പണമാണ്. സംഭാവനകള്‍ സ്വീകരിക്കുന്നതിന്റെ പരിധി കുറയ്ക്കുന്ന നടപടി മാത്രം തെരഞ്ഞെടുപ്പ് സമയത്തെ കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

2017ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവനകള്‍ക്ക് പരിധി കുറച്ചു. ഒരു വ്യക്തിയില്‍ നിന്ന് 2000 രൂപ മാത്രമേ പണമായി വാങ്ങാന്‍ സാധിക്കൂ. അജ്ഞാത സംഭാവനകള്‍ 20,000 രൂപ എന്നതില്‍ നിന്ന് 2000ത്തിലേയ്ക്ക് കുറച്ചു കൊണ്ടുള്ളതായിരുന്നു ഇത്. എന്നാല്‍ പല പേരുകളിലായി ഇത് നല്‍കാവുന്ന സാഹചര്യം ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ് ഏറ്റവുമധികം പണം സംഭാവന ചെയ്യുന്നത്. 2013ലാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ രൂപവല്‍ക്കരിച്ചത്. തെരഞ്ഞെടുപ്പ് സംഭാവനകളുടെ ക്രയവിക്രയം സുതാര്യമാക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. ബാങ്ക്-ബാങ്ക് അനുബന്ധ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ പണം സ്വീകരിക്കാവൂ എന്നാണ് ചട്ടം. ഇലക്ടറല്‍ ബോണ്ടുകളാണ് ഏറ്റവും പുതിയ രീതി.

2017 ബജറ്റിലാണ് അരുണ്‍ ജെയ്റ്റ്‌ലി ഇലക്ടറല്‍ ബോണ്ട് സംവിധാനം പ്രഖ്യാപിച്ചത്. 100 രൂപ മുതല്‍ 1 കോടി വരെയുള്ള ബോണ്ടുകള്‍ എസ്ബിഐയുടെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിന്നും ലഭ്യമാണ്. സംഭാവന നല്‍കുന്ന ആളുകളുടെ വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കും. വിവരാവകാശ നിയമ പ്രകാരം പോലും അത് ലഭ്യമല്ല. എന്നാല്‍ സംഭാവനയുടെ ഉറവിടം ഓരോ പാര്‍ട്ടികള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ തന്നെയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

മാര്‍ച്ച് 2018 വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 228 കോടി രൂപയുടെ ബോണ്ടുകളില്‍ 210 കോടിയും ലഭിച്ചിരിക്കുന്നത് ബിജെപിയ്ക്കാണ്.

എഡിആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. 2016 ല്‍ നിന്ന് 2017 ലേയ്ക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ വരുമാനം 14 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ആകെ വരുമാനം 1,559 കോടിയും ചെലവ് 1,228 കോടിയുമാണ്.

ഒരു ലോക്‌സഭാ സ്ഥാനാര്‍ത്ഥിയ്ക്ക് 50 മുതല്‍ 70 ലക്ഷം രൂപ വരെ മാത്രമേ തെരഞ്ഞെടുപ്പിനായി ചെലവാക്കാന്‍ കഴിയൂ. മണ്ഡലങ്ങളുടെ വലുപ്പത്തിനനുസരിച്ചാണ് ഈ തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ വരിക. എന്നാല്‍ ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു സ്ഥാനാര്‍ത്ഥി ചെലവാക്കുന്നത് ഏകദേശം പത്ത് കോടി രൂപയോളമാണെന്നാണ് യാഥാര്‍ഥ്യം. അധിക ചെലവിന്റെ പേരില്‍ രാജ്യത്ത് ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും ഇതു വരെ ശിക്ഷിച്ചിട്ടില്ല എന്നതാണ് സത്യം. നിയമസഭാ സ്ഥാനാര്‍ത്ഥിയ്ക്ക് 2 മുതല്‍ 2.8 ലക്ഷം രൂപ വരെയാണ് നിയമാനുസൃതം ചെലവാക്കാന്‍ സാധിക്കുക.

കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ 7 ദേശീയ പാര്‍ട്ടികളും 16 പ്രാദേശിക പാര്‍ട്ടികളും സമാഹരിച്ചത് 1,503.21 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി 494.36 കോടി ചെലവഴിച്ചു. ഇതില്‍ തന്നെ 56 ശതമാനവും പ്രചരണങ്ങള്‍ക്കും 21 ശതമാനം വിവിധ യാത്രകള്‍ക്കായുമാണ് വിനിയോഗിച്ചത്.

അതായത്, ഓരോ തെരഞ്ഞെടുപ്പിലും നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന പണം കണക്കുകള്‍ക്കും വളരെ വളരെ മുകളിലാണ്. ഇത് അതിരു കടക്കുന്നത് ജനാധിപത്യം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവു വയ്ക്കുന്നതിന് തുല്യമാണെന്ന് പറയാതെ വയ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ