യെദ്യൂരപ്പയുടെ ഡയറി ആയുധമാക്കി ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്‌ക്കെതിരെ വൻ അഴിമതി ആരോപണവുമായി കോൺഗ്രസ്. ബിജെപിയുടെ അഴിമതികൾ വ്യക്തമാക്കുന്ന ഡയറി കാരവൻ മാഗസിൻ പുറത്തു വിട്ടിരുന്നു.

ബിജെപി നേതാവും മുൻകർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കൾക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി 1800 കോടിയിലേറെ രൂപ നൽകിയെന്ന വെളിപ്പെടുത്തലുമായാണ് കോൺഗ്രസ് രംഗത്ത് എത്തുന്നത്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയിൽ നിന്നും 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായി ആരോപണമുള്ളത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ രംഗത്തു വന്ന കോൺഗ്രസ് നേതാവ് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

മെയ് 2008 മുതൽ ജൂലൈ 2011 വരെ യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇടപാടുകൾ നടന്നിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. കർണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകൾ യെദ്യൂരപ്പ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പ് വെച്ചിട്ടുമുണ്ട്.

എന്നാൽ, ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഈ ഡയറികൾ പിടിച്ചെടുക്കുകയായിരുന്നു. 2017 മുതൽ ഈ രേഖകൾ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കാരവാൻ മാഗസിൻ പ്രസീദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.