കനയ്യക്കായി വോട്ട് തേടാന്‍ ഇടത് നേതാക്കളും കലാകാരന്‍മാരും

പട്‌നാ: ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവ് കനയ്യ കുമാറിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ ഇടതു ദേശീയ നേതാക്കള്‍. ജെ.എൻ.യു വിഷയത്തിൽ രാജ്യത്താകമാനം സംഘപരിവാറിനെതിരായ ശബ്ദമായ കനയ്യയെ ഏതു വിധേനയും വിജയിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് നേതാക്കളെത്തുന്നത്. നേതാക്കൾ പ്രചാരണ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും. കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങിനെതിരായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ഏപ്രിൽ 29നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. സി.പി.ഐ ദേശീയ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡി. രാജ, ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരാണ് നാളെ മുതൽ മണ്ഡലത്തിലെത്തുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യനാരായൺ സിങ് അറിയിച്ചു. ഇവരെക്കൂടാതെ തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തറും ഭാര്യയും നടിയുമായ ഷബ്‌നാ ആസ്മിയും നാളെ മണ്ഡലത്തിലെത്തും. കനയ്യയോടൊപ്പം വോട്ടഭ്യർത്ഥിക്കാൻ അഞ്ച് ദിവസത്തോളം ഇവർ മണ്ഡലത്തിലുണ്ടായേക്കും. ബംഗളൂരു സെൻട്രലിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും നടനുമായ പ്രകാശ് രാജാണ് കനയ്യയ്ക്കായി വോട്ടഭ്യർത്ഥിക്കാനെത്തിയ മറ്റൊരു പ്രമുഖൻ. ഇന്നലെ ഇദ്ദേഹം മണ്ഡലത്തിലെത്തി. കനയ്യയെപോലയുള്ളവരെ പാർലമെന്റിന് ആവശ്യമുണ്ടെന്നും ജനങ്ങളുടെ ശബ്ദമായ കനയ്യ രാജ്യത്തിന്റെ നല്ല പുത്രനാണെന്നും പ്രകാശ് രാജ് പറഞ്ഞു. ആരെയും വ്യക്തിഹത്യ നടത്താനാല്ല ഇവിടെയെത്തിയതെന്നും ജനങ്ങളുടെ വേദനകളും വിഷമങ്ങളും മനസ്സിലാക്കുന്നവർ ആരാണെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും അവരെ പാർലമെന്റിലേക്കയക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കനയ്യയുടെ റാലിയിൽ അണിനിരക്കുന്ന വൻ ജനാവലി ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.