തിയേറ്ററില്‍ ദേശീയഗാനത്തെ ആദരിച്ചില്ലെന്ന് ആരോപിച്ച് മൂന്നുപേര്‍ക്ക് മര്‍ദ്ദനം

ചെന്നൈ: എല്ലാ തീയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ തീയേറ്ററില്‍ ദേശീയ ഗാനത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. ചെന്നൈ അശോക് നഗറിലെ കാശി തീയേറ്ററില്‍ ഞായറാഴ്ച ഉച്ചയോടെ ചെന്നൈ 28-2 എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം.

തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്ന കുറ്റത്തിലാണ് രണ്ട് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ ഒരു സംഘം മര്‍ദിച്ചത്. ദേശീയ ഗാനം പാടിയപ്പോള്‍ ഒമ്പത് പേരാണ് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാതിരുന്നത്. തുടര്‍ന്ന് സിനിമയുടെ ഇടവേള സമയത്ത് ഇവരുമായി സംഘം വാക്കേറ്റത്തിലാവുകയായിരുന്നു.

എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍ തീയേറ്റര്‍ ദേശീയ ഗാനം കേള്‍പ്പിക്കാനുള്ള സ്ഥലമല്ലെന്നും എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് തോന്നിയത് കൊണ്ടുമാണ് എഴുന്നേല്‍ക്കാതിരുന്നത് എന്ന മറുപടിയാണ് ഇവര്‍ നല്‍കിയത്.

മാനേജര്‍ എത്തി ഇവരോട് തീയേറ്റര്‍ വിട്ട് പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റെടുത്ത് സിനിമ കാണാനെത്തിയത് കൊണ്ട് തന്നെ സിനിമ കഴിഞ്ഞിട്ടേ പുറത്തേക്ക് പോവുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചു. തുടര്‍ന്ന് പ്രകോപിതരായ സംഘം ഇവരെ മര്‍ദിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തീയേറ്റര്‍ മാനേജര്‍ ഇടപെട്ടാണ് പിന്നീട് സ്ഥിതി ശാന്തമാക്കിയത്.