സെന്റ് തെരേസാസില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു

കൊച്ചി : സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു. സംഭവത്തില്‍ കുറ്റാരോപിതരായ രണ്ടു വിദ്യാര്‍ത്ഥികളെയും പരാതിക്കാരിയെയും കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മരിയ ഷാജി, ഡെയ്‌സി ജെയിംസ്, പരാതിക്കാരിയും ബി.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഹെയ്ല്‍ രജനീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. കോളേജ് ക്യാമ്പസിനുള്ളില്‍ അതിക്രമം നടന്നിട്ട് അധികൃതര്‍ക്ക് പരാതി നല്‍കാതിരുന്നതിനാണ് ഹെയ്‌സലിനെതിരെ നടപടി. സംഭവത്തില്‍ മൂന്നു ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കും മരിയ ഷാജിയുടെ സഹോദരന്‍ ആല്‍വിന്‍ ഷാജിക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സോഷ്യല്‍ മീഡിയ വഴി ആല്‍വിന്‍ ഷാജിയുടെ സുഹൃത്ത് ജോസ് മാത്യു നിരന്തരം ഹെയ്‌സലിനെ ശല്യപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അസഭ്യമായ ഭാഷയില്‍ സംസാരിച്ചതിനോട് പ്രതികരിച്ചതോടെ സുഹൃത്തിനു വേണ്ടി ആല്‍വിന്‍ വീടിന് സമീപത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഹെയ്‌സല്‍ പറയുന്നു.

സമീപവാസികളായ കുട്ടികളോടൊപ്പം നില്‍ക്കവേ ഫുട്‌ബോള്‍ ഉപയോഗിച്ച് ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു. രക്ഷിതാക്കളോട് ഇത് പരാതിപ്പെട്ടതിനുള്ള ദേഷ്യമാണ് സഹപാഠികളുടെ ആക്രമണങ്ങളിലേക്ക് വഴിയൊരുക്കയതെന്ന് ഹെയ്‌സല്‍ പറയുന്നു. ക്ലാസിലേക്ക് വരുമ്പോള്‍ ആറു പേര്‍ തടഞ്ഞു നിര്‍ത്തി ശകാരിക്കുകയും മരിയാ ഷാജി, മരിയാ ലിയാന്‍ഡ്രോ, ഡെയ്‌സി ജയിംസ് എന്നിവര്‍ ചേര്‍ന്ന് കൈ പിടിച്ച് തിരിക്കുകയും കഴുത്തില്‍ ഇടിക്കുകയും ചെയ്‌തെന്ന് ഹെയ്‌സല്‍ പറയുന്നു.