പുനർജനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു ;ഇവർക്കിത് സ്വപ്ന സാക്ഷാത്ക്കാരം

പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ഫേസ്ബുക്കിലൂടെ ഒരുമിച്ച നാലു വ്യക്തികൾ പ്രളയത്തിന് ശേഷം ഇനിയെന്ത് എന്ന അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയ ഒരുദ്യമം ആണ് പുനർജനിയും അതിലെ 7 കൊച്ചു വീടുകളും. പ്രളയ സമയത്ത് മറ്റെല്ലാ ജില്ലകളിലെയും സഹായങ്ങൾക് കൂട്ടാകാൻ കഴിഞ്ഞുവെങ്കിലും ഏറ്റവും നാശനഷ്ടങ്ങൾ ഉണ്ടായ ഇടുക്കിക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല
എന്ന തോന്നലിൽ നിന്നാണ് ചെറിയ ഒരു അന്വേഷണം നടത്തിയതും പുനർജനിയുടെ ചെറിയ ഒരു ആലോചനയുമായി നടന്ന കൂട്ടം മനുഷ്യരെ കണ്ടെത്തിയതും. പുനർജനി എന്ന സ്വപ്നം അങ്ങനെ യാഥാർത്ഥ്യം ആയി മാറുകയായിരുന്നു.

ഇടുക്കിയിൽ നാശനഷ്ടങ്ങൾ കൂടുതലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം ഉണ്ടായവയാണ്. പ്രളയ കാലത്തിനപ്പുറം പല സ്ഥലങ്ങളുടെയും ഭൂപ്രകൃതി തന്നെ മാറി പോയിരുന്നു. പലരുടെയും വീടും, കൃഷിയും കന്നുകാലികളും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടു എന്നു മാത്രമല്ല; ഒപ്പം സ്വന്തം വീടിരുന്ന സ്ഥലം പോലും അടയാളപ്പെടുത്താൻ ആവാത്ത വണ്ണം മാറി പോയി. പലരുടെയും വീടിന്റെയും സ്ഥലത്തിന്റെയും രേഖകളും നഷ്ടപ്പെട്ടു.

നമ്മുടെ ഈ ഉദ്യമത്തിന്റെ ഗുണഭോക്താക്കൾ ആവട്ടെ സ്വന്തമായി സ്ഥലം ഇല്ലാത്തവരാണ്. പുറമ്പോക്കിൽ ചെറിയ വീടുകൾ കെട്ടി താമസിച്ചിരുന്ന ഏഴു കുടുംബങ്ങൾ…സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ സർക്കാരിന്റെ സഹായങ്ങൾ ഇവർക്ക് അപ്രാപ്യമാണ്.

ഇവരെ അന്വേഷിച്ചു കണ്ടെത്തിയതും അവരുടെ പരിതസ്ഥികൾ അന്വേഷിച്ച് സഹായത്തിനു അർഹരായവർ ആണെന്ന് ഉറപ്പ് വരുത്തിയതും ഈ 7 വീടുകളുടെ കമ്മ്യൂണിറ്റി എന്ന ആശയം മുന്നോട്ട് വച്ച ജിജോ കുര്യൻ എന്ന നല്ല മനസും കുറച്ചു കൂട്ടുകാരും ആണ്. അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മോഡൽ കമ്മ്യൂണിറ്റി എന്ന ആശയം ഉണ്ടായത് പങ്കു വച്ചപ്പോൾ കോട്ടയത്തുള്ള ഒരു കുടുംബം അതിനു 70 സെന്റ്‌ ഭൂമി ഇഷ്ടദാനം ആയി വാഗ്ദാനം ചെയ്തു. അതോടെ ഇത് നടപ്പിലാക്കാൻ പറ്റും എന്ന ഒരു വിശ്വാസം വരികയായിരുന്നു.

ഈ ആശയവും മുന്നിൽ വച്ചു ഇതിലേക്കുള്ള വലിയ ഒരു തുക സംഘടിപ്പിക്കുക എന്ന ഉദ്യമത്തിലേക്കാണ് ആർഷയും ജോജിയും ജീനയും രമ്യയും കടന്നു വരുന്നത്. പ്രളയത്തിന്റെ സമയത്ത് പല സ്ഥലങ്ങളിൽ നിന്ന് ഒരുമിച്ച നാല് IT ജീവനക്കാർ. 3 പേർ അമേരിക്കയിലും ഒരാൾ കാനഡയിലും.

പുനർജനിയുടെ ആശയവും അതിന്റെ ഉദ്ദേശശുദ്ധിയും മനസിലായതോടെ നാലു പേരുടെ ആ കൊച്ചു കൂട്ടായ്മ കേരളാ റീ-ലൈഫ് എന്ന് പേരിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. എഴുത്തുകാരിയും വീട്ടമ്മയും ആയ ആർഷ സാമൂഹ്യ-സാഹിത്യ-സമൂഹ മാധ്യമ സദസ്സുകളിൽ സജീവ സാന്നിധ്യമാണ്.കാനഡയിൽ ഭർത്താവിനോടും മോളോടും ഒപ്പം സ്ഥിരതാമസം ആക്കിയ ജീന ഒരു കവയിത്രിയും സാമൂഹിക സേവനത്തിൽ തന്നാലാവുന്നത് ചെയ്യാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്ന ഒരാളാണ്.IT ജീവനക്കാരായ ജോജിയും രമ്യയും സഹപാഠികളാണ്‌. സാമൂഹിക കാര്യങ്ങളിൽ ഉള്ള പ്രതിബദ്ധത പ്രവാസലോകത്തിരുന്നും കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്ന രണ്ടുപേർ. പ്രളയ സമയത്ത് ഇനിയും മുന്നോട്ട് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി പുനർജനിയോട് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരു വീടിന് 7 – 8 ലക്ഷം രൂപ വരെയാണ് ഇപ്പോൾ വകയിരുത്തിയിരിക്കുന്ന തുക. വീടിന്റെ വലിപ്പം നിർണയിച്ചിരിക്കുന്നത്‌ തിരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും പ്രായവും കണക്കാക്കിയാണ്. ഇതിൽ ഒന്നര വയസ് ഉള്ള കൊച്ചു കുഞ്ഞു മുതൽ പ്രായമായവർ വരെ ഉൾപ്പെടുന്ന കുടുംബങ്ങൾ ഉണ്ട്. കുടുംബങ്ങൾ കൂലിപണിയെ ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ ആണ്. വീട് പൂർണ്ണമായും നശിച്ചവരെ വാടകക്ക് താമസിപ്പിച്ചിരിക്കുകയും ഭാഗികമായി തകർന്നവർ പാതി തകർന്ന വീട്ടിൽ തന്നെ കഴിയുകയുമാണ് ഇപ്പോൾ.

വീടുകൾ നിർമാണം കഴിഞ്ഞാലും കുടുംബങ്ങളുടെ മുന്നോട്ടുള്ള ക്ഷേമത്തിന് വേണ്ടി ഒരു ട്രസ്റ്റ് പുനർജനി എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട്. ഇഷ്ടദാനം ആയി ലഭിച്ച ഭൂമിയിൽ വീടുകളും അതിനു ചുറ്റും ഉള്ള മുറ്റവും ചേർത്തുള്ള ചെറിയ പ്ലോട്ടുകൾ ഓരോ ഗുണഭോക്താവിന്റെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പത്ത് വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ബാക്കിയുള്ള സ്ഥലം പൊതു ഇടം ആയി ഉപയോഗിക്കപ്പെടും.

ഈ പ്രൊജക്റ്റ് 5 മാസം പിന്നിടുമ്പോൾ, കുറെ നല്ല ആളുകളും , ചാരിറ്റബിൾ ട്രസ്റ്റ് ആയ ലൈറ്റ് ഇൻ ലൈഫ്(സ്വിറ്റ്സർലൻഡ്), ഡെല്മ(ഡെലവെയർ മലയാളി അസോസിയേഷൻ, USA ), വിസ്‌മ(വിസ്കോൺസിൻ മലയാളി അസോസിയേഷൻ, USA ), മനോഫ(മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ, USA ), നിമ(ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ, USA ) തുടങ്ങിയവരുടെ സഹായത്തോടെ മൂന്നു വീടുകളുടെ പണി നടക്കുന്നു. മറ്റു നാലു വീടുകൾക്കുളള പണ സമാഹരണവും അവയുടെ നിർമ്മാണത്തിനായുളള മറ്റു പ്രാരംഭനടപടികൾ നടക്കുകയും ചെയ്യുന്നു.

ഒരു തുകയും ചെറുതല്ല എന്നു തിരിച്ചറിഞ്ഞ് തങ്ങളാലാവുന്ന തുകകൾ ഫേസ്ബുക് കൂട്ടുകാർ വഴി സമാഹരിച്ചത് ഏകദേശം 50,000 രൂപയാണ്!
ഈ ഉദ്യമത്തിന്റെ സുഗമമായ നടത്തിപ്പിനും പൂർത്തീകരണത്തിനുമായി ഇനിയും ചെറുതല്ലാത്ത ഒരു തുക നമുക്ക് ആവശ്യമാണ്.

ഇതിലേക്ക് ഇനിയും സഹായങ്ങൾ എത്തിക്കാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യേണ്ടത് :

ഇമെയിൽ : projectrelifekerala@gmail.com

നമ്പർ:
കാനഡ : +1 (289) 788-6867
USA : +1 (443 ) 870 0559

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ