ബിനോയിക്കെതിരായ കേസ്; 164 പ്രകാരം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

മുംബൈ; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പൊലീസ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. 164 പ്രകാരമാവും മൊഴിയെടുക്കല്‍. സംഭവത്തില്‍ മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ ശ്രീജിത്തിന്റെയും മൊഴി രേഖപ്പെടുത്തും, ഏത് സാഹചര്യത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയതെന്ന് അന്വേഷിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ എത്തിയ അന്വേഷണ സംഘത്തിന് ബിനോയിയെ കണ്ടെത്താനായില്ല. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് ഉണ്ടാവില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

യുവതിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യ വിനോദിനി മുംബൈയില്‍ പോയിരുന്നെന്ന് ബിനോയിയുടെ പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നു. ബിനോയിയുടെ അമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാനാണ് വിനോദിനി മുംബൈയില്‍ പോയതെന്നും കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അഡ്വക്കേറ്റ് ശ്രീജിത്തിനെ നേരത്തെ പരിചയമുണ്ടെന്ന് കോടിയേരി പറഞ്ഞു. ഇയാള്‍ ആര്‍ക്കൊപ്പമാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഭാര്യ വിനോദിനി ഇയാളുമായി സംസാരിച്ചതായും കോടിയേരി സ്ഥിരീകരിച്ചു.

മകന്‍ ദുബായിയില്‍ കെട്ടിട നിര്‍മ്മാണ ബിസിനസ് നടത്തുകയായിരുന്നു, പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായത്. കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു