ദാൽ തട്ക്ക ഓർമ്മകളിൽ

വെള്ളിയാഴ്ച അതിരാവിലെ ഉറക്കത്തിലേക്ക് ഒന്നു കൂടി ചുരുളുമ്പോഴാണ് വീടിനു പുറത്ത് അസാധാരണമായ ബഹളം കേട്ടുണർന്ന് പോയത്. ഇവിടെ രാവിലെ ഒൻപതി മണിയാവാതെ അവധി ദിവസങ്ങളിൽ വെളിച്ചം കാണാത്തവരാണ് ഞങ്ങളും, അയൽക്കാരും. അതിനിടയിലെന്ത് സംഭവിച്ചുവെന്നറിയാനായി പുറത്തേക്ക് ചെവിയോർത്തു.
“ജയ് ശ്രീകൃഷ്ണ, ജയ് ശ്രീകൃഷ്ണ” ,”കീം ഛോ ” “മജേമേ ഛോ ” എന്നിങ്ങനെയൊക്കെ ചേർന്ന സ്ത്രീ ശബ്ദഘോഷങ്ങളും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധവും ആ പരിസരമാകെ പടർന്നു. ഇതൊന്നും കൂടാതെ ” ശുക്ലാംബരധരം, ശശിവർണ്ണം ചതുർഭുജം” എന്നിങ്ങനെയുള്ള മന്ത്രജപങ്ങളും മണിയടി ശബ്ദങ്ങളും… ഇതെല്ലാം കൂടി മത്സരിച്ച് ഉറക്കത്തെ ഓടിച്ചു വിട്ടു.

ശ്രീകൃഷ്ണൻ ഇവിടെയെങ്ങിനെയെത്തി എന്നതായിരുന്നു പാതിയുറക്കത്തിലെ ആദ്യ സംശയം .. ജയ് വിളിക്കാൻ ശ്രീകൃഷ്ണൻ ഇലക്ഷന് നിൽക്കുന്ന വിവരമൊന്നും പത്രത്തിൽ കണ്ടില്ലല്ലോ എന്ന സംശയത്തോടെ ഉറക്കം മതിയാക്കി തനി മലയാളി വീട്ടമ്മയായി പീപ് ഹോളിലൂടെ പുറത്തേക്ക് ഒളിഞ്ഞു നോക്കി.
അടുത്ത വീട്ടിൽ പുതിയ താമസക്കാരെത്തിയതിന്റെ ബഹളമാണ്.

“ഒരു ചായയെങ്കിലും കിട്ടുമോ നല്ല ഒരു വെള്ളിയാഴ്ചയായിട്ട് “എന്ന ചോദ്യം എന്നെ ഒളിഞ്ഞു നോട്ടത്തിൽ നിന്നുണർത്തി. പുതിയ അയൽവക്കകാഴ്ചകളുടെ രസം കളഞ്ഞ പരിഭവത്തോടെ ചവിട്ടിക്കുത്തി അടുക്കളയിലേക്ക് നടന്നപ്പോൾ ഗുരുവായൂരപ്പനെ നീട്ടിവിളിച്ചു പരാതി ബോധിപ്പിച്ചു.
ഗുരുവായൂരപ്പൻ ഇങ്ങിനെ പറ്റിക്കുമെന്ന് കരുതിയതല്ല. തൊട്ട എതിർവശത്തെ വീടൊഴിഞ്ഞപ്പോൾ
ഒരു മലയാളി അയൽക്കാരെ തന്നെ തരണമെന്ന് നൈയ് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതാണ്. എന്നിട്ടിപ്പോ ഹിന്ദിക്കാരുപോലുമല്ല. മൂപ്പർക്കിപ്പോ വെറുമൊരു നെയ് വിളക്കൊന്നും പോരാന്നായിരിക്കുന്നു.

അടുക്കളയിലെ തിരക്കിൽ മുഴുകുമ്പോഴും എങ്ങിനെയുള്ളവരായിരിക്കും അയൽക്കാർ എന്നതായിരുന്നു മനസ്സിൽ. പീപ് ഹോളിലൂടെയുള്ള ആദ്യ നോട്ടത്തിൽ കുറെ തടിച്ച പെണ്ണുങ്ങളും കുടവയറൻമാരായ ആണുങ്ങളും വെറുതെ ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ട് സംസാരിക്കുന്നതാണ് കണ്ടത്. ഏതായാലും ചിരിക്കാനറിയുന്നവരാണ്. ആ തുറന്ന ചിരിയിൽ നിന്നു തന്നെ മലയാളികളും ഹിന്ദിക്കാരുമല്ലെന്ന് മനസിലായി. പറയുന്ന വാചകങ്ങളുടെയെല്ലാം ഒടുവിൽ ഛോം ഛേം ഛീം എന്നൊക്കെ ചേർക്കുന്നുണ്ട്. അത്തരമൊരു ഭാഷ ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. ആ സ്ത്രീകൾ സാരിയുടുത്തതും മുന്താണി മുൻഭാഗത്തേക്കിട്ടിട്ടാണെന്ന് സൂക്ഷ്മദൃഷ്ടികൾ ഇതിനിടെ കണ്ടു പിടിച്ചിരുന്നു. ആകെ മൊത്തമൊരു ചേർച്ചയില്ലായ്മ.

ആദ്യ ദിവസത്തെ ബഹളത്തിനു ശേഷം സാവധാനം ആ വീട് നിശബ്ദതയിലേക്ക് ഊളിയിട്ടു. മദ്ധ്യവയസ്കരായ ഭർത്താവും, ഭാര്യയും യുവതികളായ രണ്ട് മക്കളുമാണ് അവിടെ താമസമെന്ന് സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കി. വല്ലപ്പോഴും പുറത്തേക്ക് വരുന്ന പ്രഷർകുക്കറിന്റെ വിസിലും ചെറുപയർ പരിപ്പ് വെന്ത മണവും മാത്രമായി പീന്നീടെന്നെ സംബന്ധിച്ച് ആയൽക്കാരുടെ സാന്നിദ്ധ്യത്തിന്റെ തെളിവുകൾ.
അങ്ങിനെയൊരു ദിവസം അടുക്കളത്തിരക്കിനും, കുട്ടികൾ സ്കൂൾ വിട്ടു വരുന്നതിനുമിടയിലുള്ള എന്റേത് മാത്രമായ അര മണിക്കൂറിനെ താലോലിച്ച് ഹാളിൽ വന്നിരുന്നപ്പോഴാണ് അടുത്ത വീട്ടിൽ നിന്നും മാ, മാ എന്ന ദയനീയമായ കരച്ചിൽ പോലെയുള്ള ശബ്ദം ശ്രദ്ധയിൽ പെട്ടത്. കൂട്ടത്തിൽ വാതിലിൽ ഉറക്കെ ഇടിക്കുന്ന ശബ്ദവും.

അയൽവീട്ടിലെ മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ദീനമായി വാതിലിനുകൊട്ടി അമ്മയെ വിളിച്ച് കരയുന്നത്. കാര്യമന്യേഷിച്ചുള്ള എന്റെ ശബ്ലം കേട്ടയുടൻ അവർ പൊട്ടിക്കരയാൻ തുടങ്ങി. അവരുടെ ആംഗ്യങ്ങളിൽ നിന്ന് അകത്ത് അവരുടെ അമ്മയുണ്ടെന്നും, വാതിൽ വലിച്ച് അടച്ച് പോയെന്നും മനസ്സിലായി. താക്കോലില്ലാതെ ഇനി വാതിൽ തുറക്കാൻ പറ്റില്ല. മക്കളും ഭർത്താവും ജോലിക്ക് പോയിരിക്കുകയാണ്. ആരുടെ ഫോൺ നമ്പറും അവർക്ക് കാണാതെയറിയുകയുമില്ല…..
അമ്മ കിടപ്പിലാണെന്നും നടക്കാനാവില്ലെന്നും ഇവർ കരഞ്ഞു കൊണ്ടേയിരുന്നു. ഇതൊന്നും കൂടാതെ സിംഫ്ലെയിമിൽ ഗ്യാസും കത്തുന്നുണ്ട്.
ആൻറി ‘മാ’, ‘മാ’ എന്ന് ദീനയായി വിളിച്ചു കൊണ്ടേയിരുന്നു. അമ്മ ഭർത്താവിന്റെയാണ്. അതാണ് കൂടുതൽ
പ്രശ്നം. ഭർത്താവിന്റെ പെങ്ങൾ ദുബായിൽ വല്യ ബിസിനസുകാരിയാണ്. സ്വന്തം നാടായ ഗുജറാത്തിൽ ബിസിനസ് നടത്തി തകർന്നു തരിപ്പണമായ ആങ്ങളെയും കുടുംബത്തെയും ഭാഗ്യപരീക്ഷണത്തിനായി ദുബായിൽ കൊണ്ടു വന്നിരിക്കയാണ് അവൾ. പെങ്ങളുടെ കൂടെ വേലക്കാർക്ക് ചുറ്റും സർവ്വസൗഭാഗ്യങ്ങളോടും കഴിഞ്ഞിരുന്ന അമ്മ മകന്റെ വീട്ടിൽ രണ്ട് ദിവസം താമസിക്കാനായി വന്നതാണ്.
ഇത്രയും സങ്കടം മുറി ഹിന്ദിയിലവർ പറഞ്ഞു തീർത്തു.

ഇവിടെ ഇത് സാധാരണമാണ്. താക്കോൽ അകത്ത് വെച്ച് വാതിലടയൽ.. എനിക്കും പറ്റിയിട്ടുണ്ട് ഒരിക്കൽ. ആൻറിയുടെ മുന്നിൽ ഞാൻ കിടുവാണെന്ന് കാണിക്കാനായി ഒന്നു രണ്ട് പേരെ ഫോൺ ചെയ്തു. കൂട്ടത്തിൽ ബിൽഡിങ്ങിന്റെ നാഥൂറിനെയും. വാതിൽ തുറക്കാനുള്ള ഏർപ്പാടുകളുമായി അവൻ ഉടനെ വരാമെന്ന് പറഞ്ഞു. ആന്റി തളർന്ന ശബ്ദത്തിൽ അമ്മയെ വിളിക്കുന്നതും വാതിലിന് മുട്ടുന്നതും നിർത്തിയില്ല.

പെട്ടെന്ന് ഉള്ളിൽ വാതിലിനടുത്ത് നിന്ന് ഒരു ശബ്ദം കേട്ടു.. അമ്മയ്ക്ക് എന്തോ സംഭവിച്ചുവെന്ന് ആൻറി അലമുറയുടെ ഡോസ് കൂട്ടി.. പെട്ടെന്ന് മുന്നിൽ വാതിൽ തുറന്നു വന്നു. ശുഭ്രവസ്ത്രധാരിയായ ഒരു അമ്മമ്മ ഇതെന്ത് ശല്യം എന്ന ഭാവത്തിൽ വാതിലും പിടിച്ച് മുന്നിൽ നിൽക്കുന്നു. “മാജീ” എന്ന് അലറിക്കരഞ്ഞുകൊണ്ട് ആന്റി ആ അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തു.
നാല് വർഷങ്ങളായി ഒരേ കിടപ്പിൽ കഴിയുന്ന അമ്മയാണോ ഒരു വടി പോലുമില്ലാതെ എണീറ്റ് വന്ന് വാതിൽ തുറന്നതെന്ന എന്റെ സംശയ നോട്ടത്തിന് ആ അമ്മ ഒരു ചെറുപുഞ്ചിരിയോടെയോടെ അടിപൊളി ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.
“മകളും ഭർത്താവും ശുശ്രൂഷക്കായി രണ്ടു മൂന്ന് പണിക്കാരെ വെച്ചിട്ടുണ്ട്.. അതിലൊരുത്തി എന്നെ എടുത്ത് കൊണ്ട് വാഷ് റൂമിൽ വരെ പോവും. അവർക്ക് ശമ്പളം കൊടുക്കുന്നത് മുതലാക്കണ്ടെ!! അതു കൊണ്ട് ഞാനും ഒന്നും മിണ്ടില്ല. അവരൊക്കെ ഉറങ്ങിയാൽ ഞാൻ മെല്ലെ കട്ടിലിൽ നിന്നെഴുനേറ്റ് നടന്നു നോക്കും.നടത്തം മറക്കാതിരിക്കാൻ.. പക്ഷേ പ്രശ്നംചെവിക്കാണ് , ബഹു വിളിക്കുന്നത് കേട്ടില്ല. ദാലിന്റെ വേ‌വ് പാകം കൂടുതലായി എന്ന് വാസന കൊണ്ടറിഞ്ഞ് ഗ്യാസ് ഓഫ് ചെയ്യാൻ വന്നതാണ്. അപ്പോഴാണ് ബഹു വീട്ടിലില്ലെന്ന് മനസ്സിലായതും, പുറത്തെ വാതിൽ തുറന്നതും.” ഒരു വടി പോലും കുത്തിപ്പിടിക്കാതെ ആ അമ്മമ്മ സ്ലോ മോഷനിലെന്നവണം നടന്ന് അകത്ത് പോയി. പോവുന്ന വഴിക്ക് തിരിഞ്ഞ് നോക്കി ഇനി ഇതൊന്നും മോളോട് പറയണ്ട എന്നും ശാസിച്ചു ആൻറിയെ.

ഞാനുടനെ നാഥൂറിനെ വിളിച്ച് ഇനി വരണ്ട എന്നും പറഞ്ഞ്
ഒരു ഗുജറാത്തി അടുക്കള കാണാൻ പറ്റിയ സന്തോഷത്തോടെ മെല്ലെ അവരുടെ അടുക്കളയിൽ കയറി.
ദാൽ തട്ക്കയായിരുന്നു അവരുടെ അന്നത്തെ മെനു.

കടലപ്പരിപ്പ് ,തുവരപരിപ്പ്, ചെറുപയർ പരിപ്പ് എന്നിവ മൂന്നും ചേർന്നത് മുക്കാൽ കപ്പ് വേവിച്ച് വെച്ചിട്ടുണ്ട്.
രണ്ട് സവാള , ഒരു കഷണം ഇഞ്ചി, വെളുത്തുളി ( ധാരാളം വേണം) ,വലിയ ഒരു തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് വേറെ വേറെ മാറ്റിവെക്കണം. മുക്കാൽക്കെട്ടോളം മല്ലിയില കഴുകി വൃത്തിയാക്കി അരിഞ്ഞ് വെക്കണം. നീളത്തിൽ മുറിച്ച രണ്ട് പച്ചമുളകും.
2 സ്പൂൺമല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് മുളക് പൊടി, കാൽ സ്പൂൺ കായപ്പൊടികൾ എന്നിവ അടുത്ത് വെക്കണം. താളിക്കാൻ കടുക്, മൂന്ന്, നാല് വറ്റൽമുളക്, ജീരകം, വെളുത്തുള്ളി എന്നിവയും കരുതണം. നോർത്തി ന്ത്യൻ പാചകങ്ങൾക്ക് സൺ ഫ്ലവർ ഓയിലാണ് നല്ലത്. ഉപ്പില്ലാതെ പാചകമില്ലല്ലോ!

അടികട്ടിയായ പാത്രത്തിൽ എണ്ണ ചൂടാവുമ്പോൾ ഇഞ്ചി, മുറിച്ചു വെച്ചതിൽ പകുതി വെളുത്തുള്ളി എന്നിവയിട്ട് ഒന്നു മൂക്കുമ്പോൾ ഉള്ളി ചേർത്ത് നന്നായി വഴറ്റണം. എണ്ണതെളിയാൻ തുടങ്ങുമ്പോൾ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കണം .അതിലേക്ക് പൊടിയായി അരിഞ്ഞ തക്കാളി, പച്ചമുളക്, ഉപ്പ് എന്നിവ ഇളക്കി ചേർത്ത് പാകമാവുമ്പോൾ വേവിച്ച് വെച്ച ദാൽ ചേർക്കണം. പാകത്തിന് വെള്ളം ഒഴിക്കണം. എല്ലാം നന്നായി ചേർത്തിളക്കി തിളച്ച് വരുമ്പോൾ മുറിച്ച് വെച്ച മല്ലിയില ചേർത്ത് ചെറിയ തിള വരുമ്പോഴേക്ക് ഓഫ് ചെയ്യണം.
ഇതിന്റെ രുചി മുഴുവൻ തട്ക്ക (വറവ്) യിലാണ്. എണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടുമ്പോൾ ജീരകം, ഉണക്കമുളക് മുഴുവനായി, വെളുത്തുള്ളി (വെളുത്തുള്ളി ധാരാളം വേണം) എന്നിവ വറുത്തിടുമ്പോഴുള്ള മണം മതി ബസ് മതി ചോറും, ചപ്പാത്തിയും കഴിക്കാൻ.
ആന്റി ഉഗ്രൻ കുക്കായിരുന്നു. ഞങ്ങളിലേക്ക് ഗുജറാത്തി രുചി വഴികൾ എത്തിച്ചത് ആന്റിയാണ്. പൂജ വെജിറ്റേറിയനാവാനും ഒരു കാരണം അവർ തന്നെ. ചപ്പാത്തി പരത്തുമ്പോൾ ഒരു പിടി ആട്ട പൂജക്ക് വേണ്ടിയും അവർ ചേർക്കുമായിരുന്നു. ഞാൻ അവരിലേക്ക് സാമ്പാറിന്റെ കായമണം പകർന്നു കൊടുത്തു. ഇഡ്ഡലിയുടെ രുചിപ്പെരുമയും….

ഗുജറാത്തി മാത്രമറിയുന്ന ആന്റിയും ഹിന്ദി പോലുമറിയാത്ത ഞാനും തമ്മിലുള്ള ആത്മബന്ധം അവരുടെ മക്കൾക്ക് പോലും അത്ഭുതമായി..
പരസ്പരം ഷെയർ ചെയ്യാത്ത രഹസ്യങ്ങളൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല….

ഓർമ്മകളിലൊരു അയൽവക്കം അങ്ങിനെയും….

മിനി വിശ്വനാഥൻ