അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ പുറത്താക്കിയതെന്ന് രാജു നാരായണസ്വാമി

തിരുവനന്തപുരം: തനിക്കെതിരെ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്‌ക്കെതിരേ ആരോപണവുമായി രാജു നാരായണസ്വാമി ഐഎഎസ്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ പുറത്താക്കിയതെന്ന് രാജു നാരായണസ്വാമി പറഞ്ഞു.

നാളികേര വികസന ബോര്‍ഡില്‍നിന്നു തന്നെ പുറത്താക്കിയതിനു പിന്നില്‍ സദാനന്ദ ഗൗഡയാണെന്ന് സ്വാമി വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെട്ട ലോബി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാജു നാരായണ സ്വാമി ആരോപിച്ചു. ഭരണ നേതൃത്വത്തിന്റെ താളത്തിനൊത്ത് തുള്ളണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നിഷേധിക്കുകയാണ് താന്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഇത്തരം കല്ലേറുകള്‍ ഇനിയും തനിക്ക് നേരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുകള്‍ പുറത്തകൊണ്ടുവന്നവരെ വേട്ടയാടുന്ന നപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കേന്ദസര്‍ക്കാരില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുകയാണെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി.

മാഢ്യയിലേയും ബെംഗളൂരുവിലെയും ഓഫസുകളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വ്യാജ വൗച്ചറുകള്‍ നിര്‍മിച്ച് വന്‍ അഴിമതിയാണ് നടത്തിയിരുന്നത്. ഈ അഴിമതികള്‍ പുറത്തുകൊണ്ടുവരുകയും ഇതിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഴിമതി നടത്തിയ ഹേമചന്ദ്ര, സിബി തോമസ് എന്നിവരുടെ പേരില്‍ എഫ്.ഐ.ഐര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ കുറ്റാരോപിതരായ രണ്ട് പേര്‍ക്കെതിരേയുള്ള നടപടി നിര്‍ത്തിവെക്കണമെന്ന് സദാനന്ദ ഗൗഡ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അത് വിസമ്മതിച്ചു. ഇത്തരത്തില്‍ അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തുന്നതിനാലാണ് തന്നെ ഇത്തരത്തില്‍ വേട്ടയാടുന്നത്.

കര്‍ണാടകയിലെ മാണ്ഡ്യയിലുള്ള ഫാമില്‍നിന്ന് തേക്ക് മരം മുറിച്ച് വിറ്റ ഫാം ഡയറക്ടര്‍ക്കെതിരെ താന്‍ നടപടി എടുത്തപ്പോള്‍ സദാനന്ദ ഗൗഡ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ അഴിമതിക്ക് കൂട്ടു നില്‍ക്കാന്‍പറ്റില്ലെന്ന് അറിയിച്ചതിനാലാണ് തന്നെ പുറത്താക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും രാജു നാരായണസ്വാമി പറഞ്ഞു.