കര്‍ത്താവിന്റെ നാമത്തില്‍ പള്ളിയില്‍ വീണ്ടും കൂട്ടയടി

പാസ്റ്ററെ ഇടിച്ചു പഞ്ഞിക്കിട്ടു

13 വര്‍ഷം മുന്‍പ് യുവതിയെ തട്ടിക്കൊണ്ടുപോയ വിഷയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാസ്റ്ററെയും കൂട്ടാളികളെയും പള്ളിക്കുള്ളില്‍ എടുത്തിട്ട് പെരുമാറി

പാസ്റ്ററെ മര്‍ദ്ദിക്കാന്‍ സ്ത്രീകളും മുന്നിട്ടിറങ്ങി

കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 11) രാവിലെ ഒമ്പത് മണിക്ക് ആരാധനയ്ക്ക് മുമ്പായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ത്തുങ്കല്‍ ചെത്തി എന്ന സ്ഥലത്തെ ബ്രദറണ്‍ അസംബ്ലി ഹാളിലാണ് പെണ്‍വിഷയത്തിന്റെ പേരില്‍ കൂട്ടത്തല്ല് നടന്നത്. നിരവധിപേര്‍ക്ക് പരിക്കുപറ്റി. അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്തു. നിരവധിപേര്‍ പ്രതികള്‍. കൂട്ടയടിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ ‘ദി വൈഫൈ റിപ്പോര്‍ട്ടറില്‍’

-നിയാസ് കരീം-

ചേര്‍ത്തല: യുവതിയെ തട്ടിക്കൊണ്ടുപോയതിന് പാസ്റ്ററെ വിശ്വാസികളും ബന്ധുക്കളും ചേര്‍ന്ന് പള്ളിക്കുള്ളില്‍ വെച്ച് മര്‍ദ്ദിച്ച് അവശനാക്കി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല – അര്‍ത്തുങ്കല്‍ – ചെത്തി എന്ന സ്ഥലത്തെ ബ്രദറണ്‍ അസംബ്ലി ഹാളിലാണ് വിശ്വാസികളും പാസ്റ്ററും തമ്മില്‍ അടി നടന്നത്. ഈ പള്ളിയിലെ പാസ്റ്ററായ ജോര്‍ജ്ജ് മാത്യുവിനാണ് മര്‍ദ്ദനമേറ്റത്.

13 വര്‍ഷം മുമ്പ് ഈ പള്ളിയിലെ ഒരു യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഈ അടുത്തകാലത്ത് പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് തപാല്‍ മാര്‍ഗ്ഗം വീട്ടിലെത്തി. പ്രസ്തുത കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യുവിന്റേതാണ്. ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേപള്ളിയില്‍ പാസ്റ്ററായി ജോലി ചെയ്തിരുന്നു. അക്കാലത്തായിരുന്നു പെണ്‍കുട്ടിയെ കാണാതാകുന്നത്. ആധാര്‍ കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാസ്റ്ററുമായി ഈ വിഷയം സംസാരിച്ചതിന്റെ പേരില്‍ കശപിശയും പോലീസ് കേസും ഉണ്ടായി.

സഹോദരിയെ കാണാതായ വിഷയവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ അര്‍ത്തുങ്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയിലെത്തിയ പാസ്റ്റര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി കേസിന്റെ കാര്യങ്ങള്‍ പറഞ്ഞ് വാഗ്വാദം ഉണ്ടാകുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പാസ്റ്ററുടെ സഹായികളായി എത്തിയവരെയും പെണ്‍കുട്ടിയുടെ വീട്ടുകാരും വിശ്വാസികളും ചേര്‍ന്ന് മര്‍ദ്ദിച്ച അവശരാക്കി. നിരവധിപേര്‍ക്ക് അടിപിടിയില്‍ പരിക്കേറ്റു. മൂന്നാലുപേര്‍ ആശുപത്രിയിലും ആയി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞമാസം 20ാം തീയതി ദില്ലിക്കടുത്ത് ഗുഡുഗാവ് സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പാഴ്സനേജ് പണിയുന്നതിനെ ചൊല്ലി വിശ്വാസികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടികൂടിയ സംഭവം പുറത്തുകൊണ്ടുവന്നതും ദി വൈഫൈ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ആ വാര്‍ത്തയും വീഡിയോയും കാണാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗുഡുഗാവ് മാര്‍ത്തോമ്മാ പള്ളിക്കുള്ളില്‍ കൂട്ടയടി: നിരവധിപേര്‍ക്ക് പരിക്ക്