കുരുന്നുകളുടെ മോഹം നിറവേറ്റി മുഖ്യമന്ത്രി

തിരുവനന്തപുരം : കുരുന്നുകളുടെ മോഹം നിറവേറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളില്‍ നിന്നെത്തിയ 20 കുഞ്ഞുങ്ങളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച നിമിഷങ്ങളാണ് കുട്ടികളുമൊത്ത് ചിലവഴിച്ചപ്പോള്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി ഇതേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവര്‍ക്ക് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. വിമാനത്തില്‍ സഞ്ചരിക്കുക, മുഖ്യമന്ത്രിയെ കാണുക. കൊച്ചിയില്‍ നിന്നും വിമാനത്തിലാണ് കുട്ടികള്‍ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണാനും അവസരമൊരുക്കി.

കുഞ്ഞുങ്ങളുടെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു. മാലാഖകളുടെ മനസ്സുള്ളവരാണ് കുഞ്ഞുങ്ങളെന്നൊരു ചൊല്ലുണ്ട്. അത് സത്യമായി വരുന്ന ഒരനുഭവമായിരുന്നു. പുതിയ കാലത്ത് നഷ്ടപ്പെട്ടതായി പറയുന്ന മൂല്യങ്ങള്‍ ആ കുഞ്ഞുങ്ങളുടെ മുഖത്ത് കാണാമായിരുന്നു. അവര്‍ക്ക് മിഠായി വിതരണം ചെയ്തു. അവര്‍ക്കായി കേക്ക് മുറിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.