ഒരു ഇഡ്ഡലി ദോശ വിപ്ലവം : ഇഡ്ഡലി വിറ്റും കോടീശ്വരന്‍ ആകാം

ഇഡ്ഡലിയുടേയും ദോശയുടേയും മാവ് വിറ്റ് 200 കോടി ടേണ്‍ ഓവര്‍ ഉണ്ടാക്കുന്ന ഒരു മലയാളിയുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

200 കോടി ടേണ്‍ ഓവര്‍. ദിവസേന വില്പ്പന 50000 പാക്കറ്റ്. ഐഡി എന്ന കമ്പനിയുടെ ബിസിനസ്സ് ഇങ്ങനെയാണ്. ഇവരുടെ പ്രോഡക്റ്റ് എന്താണെന്ന് കൗതുകം തോന്നാം. ഇഡ്ഡലി/ ദോശ മാവാണ് വയനാടുകാരന്‍ മുസ്തഫയുടേയും സംഘത്തിന്റേയും പ്രോഡക്റ്റ്. വിവിധ രാജ്യങ്ങളിലായി ഇവര്‍ ഒരു ദിവസം വിളമ്പുന്നത് പത്ത് ലക്ഷത്തോളം ഇഡ്ഡലിയും ദോശയും.

ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനു മുമ്പുളള മുന്നരുക്കങ്ങളും പഠനവും ഏതൊരു സംരഭത്തിന്റേയും വിജയത്തിന് നിര്‍ണ്ണായകമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുസ്തഫയുടെ ഈ വിജയം. ദൈനംദിന ജീവിതത്തില്‍ ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ബിസിനസ് വിജയത്തിന് ഉപകാരമെന്ന് വിലയിരുത്തലാണ് ഒരു മിക്‌സിയും ഗ്രൈന്‍ഡറും സെക്കന്റ് ഹാന്‍ഡ് ടൂ വീലറുമായി 500 രൂപ വാടകയുള്ള മുറിയില്‍ നിന്ന് തുടക്കമിട്ട ഐഡി ഇന്ന് ഏറ്റവും പുതിയ കസ്റ്റമൈസ്ഡ് മെഷീനുകളും വിശാലമായ യൂണിറ്റുകളും 1300-ലേറെ ജീവനക്കാരും പത്ത് നഗരങ്ങളിലെ സാന്നിധ്യവും ഒമ്പത് ഉല്‍പ്പന്നങ്ങളുമായി വളര്‍ന്ന് പന്തലിച്ചത്. ഇന്ത്യയിലേയും ദുബായിലേയും അടുക്കളകളില്‍ ഇന്ന് ഐഡി ഒരു സ്ഥിര സാന്നിധ്യമായി കഴിഞ്ഞു.

വിദേശത്തെ ജോലി ഉപേക്ഷിച്ച് മുസ്തഫ നാട്ടിലെത്തിയത് നാടിന് ഉപകാരപ്രദമായ ഒരു സംരംഭം എന്ന കാഴ്ച്ചപ്പാടോടെ ആയിരുന്നു. ഏത് ഉത്പ്പന്നവും അതിന്റെ ഏറ്റവും മികച്ച നിലവാരത്തില്‍ മാര്‍ക്കറ്റിലെത്തിച്ചാല്‍

അത് വിജയിക്കുമെന്ന കാഴ്ചപ്പാടായിരുന്നു മുസ്തഫയ്ക്കും സംഘത്തിനുമുണ്ടായിരുന്നത്. മോട്ടറോളയിലേയും സിറ്റിബാങ്കിലേയും ജോലി ഉപേക്ഷിക്കുമ്പോഴുണ്ടായിരുന്ന ആശങ്ക കഠിനാധ്വാനത്തിലൂടെ ഇല്ലാതാക്കാമെന്ന വിശ്വാസവും. ഏഴാം ക്ലാസില്‍ തോറ്റ് പഠിപ്പ് മതിയാക്കി, പിന്നെയും സ്‌കൂളില്‍ തിരിച്ചെത്തി കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം സ്വന്തമാക്കിയ മുസ്തഫയ്ക്ക്റിയാം കഠിനാധ്വാനം വിജയം ഉറപ്പിക്കുമെന്ന്.

ബാംഗ്ലൂരിലെ താമസകാലത്ത് കസിന്‍സുമായുള്ള സംരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഇഡ്ഡലി ദോശമാവിന്റെ രൂപത്തില്‍ ആശയം മനസ്സിലെത്തുന്നത്. സംരംഭത്തില്‍ ഇന്നവേഷനുള്ള പ്രാധാന്യം വലുതാണ്. മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായില്ലെങ്കില്‍ ഞങ്ങളെ ആരും ശ്രദ്ധിക്കില്ലായിരുന്നില്ലെന്ന് മുസ്തഫ പറയുന്നു. അന്ന് കടകളില്‍ ലഭിക്കുന്ന മാവിന്റെ ഗുണമേന്‍മ അറിയാന്‍ ഒരു വഴിയും ഇല്ലായിരുന്നു. റബര്‍ ബാന്റിട്ട് കെട്ടി ഒരു സ്റ്റിക്കര്‍ ഒട്ടിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുന്നതായിരുന്നു രീതി. ഗുണമേന്മയുള്ള, വ്യത്യസ്തമായി പാക്ക് ചെയ്ത മാവിന് നല്ല ഡിമാന്റുണ്ടാകും എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ വിജയം. കമ്പനിയുടെ പേരും ഈ ചിന്ത പോലെ സിംപിള്‍. ഐഡി. ഇഡ്ഡലി ദോശ എന്നതിന്റെ ചുരുക്കപ്പേര്. ഐഡിയുടെ ഉല്‍പ്പന്നം ഒഴിച്ചുവെയ്ക്കാന്‍ ഒരു പാത്രത്തിന്റെ ആവശ്യമില്ലാത്ത രീതിയിലായിരുന്നു പാക്കറ്റിന്റെ ഡിസൈന്‍. എല്ലാ ബിസിനസിലും എന്ന പോലെ ഈ വ്യത്യസ്തത വിപണിയില്‍ ശ്രദ്ധ നേടാന്‍ കുറച്ചു കാലം വേണ്ടി വന്നു. 100 പാക്കറ്റുകള്‍ മാത്രമാണ് ആദ്യം മാര്‍ക്കറ്റിലെത്തിച്ചത്. ഇതില്‍ തൊണ്ണൂറും ആദ്യ ദിവസങ്ങളില്‍ തിരിച്ചെത്തി. 20 സ്റ്റോറുകളിലായി 100 പാക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ്. പതിയെ പതിയെ ഐഡി അടുക്കളകളിലെ ഇഷ്ട ബ്രാന്റായി. ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ ഇഡ്ഡലി കഥ മൈസൂരും ഹൈദരാബാദും പൂനെയും കടന്ന് ദുബായ് വരെയെത്തി. ഐഡിക്ക് ഇന്ന് ഇന്ത്യയിലെ 18,000 സ്റ്റോറുകളുമായി ടൈ അപ്പുണ്ട്. 300 വാഹനങ്ങളും സ്വന്തം. ഏറ്റവും മികച്ച ടെക്‌നോളജി ഉപയോഗിക്കാനും മുസ്തഫ ശ്രദ്ധിക്കുന്നു.

ബിസിനസിന്റെ തുടക്കം മുതല്‍ കൂടെയുള്ള കസിന്‍സ് നാസറും ഷംസുവും ജാഫറും നൗഷാദും തന്നെയാണ് ഇന്നും ഐഡിയുടെ ടോപ്പ് മാനേജ്‌മെന്റ്. ഈയിടെ ഐഡി ആരംഭിച്ച ട്രസ്റ്റ് ഷോപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സെയില്‍സ്മാനും കാഷ് കൗണ്ടറും കാമറയുടെ നോട്ടവും ഇല്ലാത്ത ഔട്ട്‌ലെറ്റുകള്‍. ആവശ്യമുള്ള ഉല്‍പ്പന്നം തെരഞ്ഞെടുത്ത ശേഷം പണം മണിബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് ഐഡിയായി ട്രസ്റ്റ് ഷോപ്പ്. സ്‌കൂള്‍ ടിഫിന്‍ ബോക്‌സുകള്‍ക്ക് ചേര്‍ന്ന ചെറിയ ഗോതമ്പ് പൊറോട്ട മാര്‍ക്കറ്റിലെത്തിച്ചതിനു പിന്നിലും ഐഡിയുടെ ഇന്നവേഷന്‍ ചിന്ത തന്നെ.