നോട്ട് നിരോധനം: ക്രിസ്മസ് വിപണിക്ക് തിരിച്ചടി

കൊച്ചി : നോട്ട് നിരോധനം ക്രിസ്തുമസ് വിപണികളെ പ്രതികൂലമായി ബാധിക്കും. ഡിസംബര്‍ പിറക്കുന്നതോടെ സജീവമാവേണ്ട ക്രിസ്തുമസ് വിപണി ക്രിസ്തുമസിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കാര്യമായി ഉണര്‍ന്നിട്ടില്ല. കുറച്ചു ഷോപ്പുകളില്‍ മാത്രമാണ് ക്രിസ്തുമസ് ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുള്ളത്. വപിപണിയിലെ മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷമെടുത്ത ചരക്കിന്റെ പകുതി മാത്രമേ കച്ചവടക്കാര്‍ ഇത്തവണ എടുത്തിട്ടുള്ളൂ. ഇവ പോലും എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലുമാണ് ഇക്കൂട്ടര്‍.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ വ്യാപാരകേന്ദ്രമായ കൊച്ചിയില്‍ ഇതുവരെ കഴിഞ്ഞ വര്‍ഛഷം നടന്നതിന്റെ പകുതി ബിസിനസ് പോലും നടന്നിട്ടില്ല. വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് ഹോള്‍സെയില്‍ കച്ചവടക്കാര്‍ പോലും കുറച്ച് ചരക്കുകള്‍ മാത്രമാണ് എടുത്തിരിക്കുന്നത്. ക്രിസ്തുമസിന് ഒഴിച്ചുകൂട്ടാന്‍ കഴിയാത്ത കേക്കുകള്‍ ഷോപ്പുകളില്‍ എത്തുന്നതേയുള്ളൂ. ക്രിസ്തുമസ് നക്ഷത്ര നിര്‍മ്മാണ രംഗത്തും നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാന്ദ്യമെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നക്ഷത്ര നിര്‍മ്മാണം പകുതിയായി കുറഞ്ഞു. 25 രൂപ മുതല്‍ 250 രൂപ വരെയാണ് സാധാരണ നക്ഷത്രങ്ങളുടെ വില. എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്ക് 150 രൂപയില്‍ മുകളിലാണ് വില. 200 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുല്‍ക്കൂടുകളാണ് ഇത്തവണ അധികവും വിപണിയിലിറക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 5000 രൂപയ്ക്ക് മുകളിലുള്ള പുല്‍ക്കൂടുകള്‍ വരെ മേടിക്കാന്‍ ആളുകളെത്തിയിരുന്നെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മേടിച്ച നക്ഷത്രങ്ങളും മറ്റും ഇത്തവണയും ഉപയോഗിക്കാമെന്നാണ് മിക്കവരുടെയും കണക്കുക്കൂട്ടല്‍. മുന്‍കാലങ്ങളില്‍ ഡിസംബര്‍ തുടങ്ങുമ്പോള്‍ തന്നെ കേക്ക് വിപണി സജീവമായിരുന്നു.

കൊച്ചി നഗരത്തിലെ പ്രമുഖ ബേക്കറികളിലൊന്നും മുമ്പത്തെ പോലെ ക്രിസ്തുമസ് കേക്കിന് ഓര്‍ഡര്‍ ലഭിച്ചു തുടങ്ങിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ ഒന്നു മുതല്‍ തന്നെ കേക്കുകള്‍ക്കായി ബുക്കിംഗ് ലഭിച്ചു തുടങ്ങും. നോട്ട് നിരോധനം വരുന്നതിന് രണ്ടു മാസം മുമ്പേ കേക്ക് നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ മിക്ക ബേക്കറികളും തുടങ്ങിയിരുന്നു.

എന്നാല്‍ കേക്ക് നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. കേരളത്തിലെ ക്രിസ്തുമസ് ദിനങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിറ്റു പോയത് 800 കോടിയോളം രൂപയുടെ കേക്കുകളായിരുന്നു.

നോട്ട് നിരോധനത്തിന് ശേഷം എറണാകുളത്തെ ബേക്കറികളില്‍ അമ്പത് ശതമാനത്തിനടുത്ത് കച്ചവടത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ദിവസം ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്ന ബേക്കറികളില്‍ ഇപ്പോള്‍ പകുതി കച്ചവടം പോലും ഇല്ല. മത്സ്യ-മാംസ വിപണിയെയും നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു. ഇതിനാല്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് കശാപ്പ് ചെയ്യാനായി ഒരുക്കി നിര്‍ത്തിയിരിക്കുന്ന കന്നുകാലികളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലി ചന്തയായ വാണിയംകുളത്ത് നോട്ട് നിരോധനത്തിന് ശേഷം വിറ്റുവരവ് മൂന്നിലൊന്നായി കുറഞ്ഞു.

ചന്ത നടക്കുന്ന വ്യാഴാഴ്ച ദിവസം 2000-ഓളം കന്നുകാലികളെയാണ് സാധാരണയായി എത്തിക്കാറുള്ളത്. തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വാണിയംകുളത്തേക്ക് കന്നുകാലികളെ എത്തിക്കുന്നത്. നോട്ട് നിരോധനം വന്ന ശേഷം ഇവയുടെ എണ്ണത്തിലും കാര്യമായ കുറവു വന്നു. നേരത്തെ നൂറുകണക്കിന് ലോഡുകള്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന ലോഡുകള്‍ വരുന്നത് ക്രിസ്തുമസ് വിപണികളില്‍ താരങ്ങളായ ചൈനീസ് ഉല്‍പ്പന്നങ്ങളെ വ്യാപാരികള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത വിലക്കിനെ തുടര്‍ന്ന് തദ്ദേശീ ഉല്‍പ്പന്നങ്ങള്‍ക്കാണ് പലരും പ്രാധാന്യം നല്‍കിയിരിക്കുന്നത്.

നോട്ട് ക്ഷാമം ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സ്വര്‍ണ്ണക്കടകളും, ഹോം അപ്ലയന്‍സ് ഷോപ്പുകളും, വസ്ത്ര വ്യാപാര ശാലകളും, ഷോപ്പിംഗ് മാളുകളും വലിയ ഓഫറുകള്‍ നല്‍കി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണത്തെ കച്ചവടം പ്രതീക്ഷിക്കുന്നില്ലെങ്കിലും ക്രിസ്തുമസ് വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യുന്നതിനുള്ള തന്ത്രപ്പാടിലാണ് ഓരോ വ്യാപാരികളും.