പൊലീസിനെ നിയന്ത്രിക്കാനാളില്ലെന്ന് എൽദോ എബ്രഹാം എം.എൽ.എ

കൊച്ചി: പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന് മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാം. പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിൻ കോളജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. നടത്തിയ മാർച്ചിനു നേരയാണ് പൊലീസ് നടപടി. കൊച്ചി റേഞ്ച് ഡി. ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ എൽദോ എബ്രഹാം ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് വളഞ്ഞിട്ടുതല്ലി. വൈപ്പിൻ കോളജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐ. നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ. ഡി.ഐ.ജി. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഇരുന്നൂറോളം പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തിരുന്നു.