ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീ രാമ പാദുക ഘോഷയാത്ര.

സന്തോഷ് പിള്ള

ഡാലസ്: രാമായണ മാസ ആചരണത്തനിന്റെ ഭാഗമായി ശ്രീരാമന്റെ പാദുകം (മെതിയടി) വഹിച്ചു കൊണ്ടുള്ള പ്രതിക്ഷണ ഘോഷയാത്ര ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടത്തപെട്ടു. ക്ഷേത്രത്തില്‍ കര്‍ക്കിടക മാസം ഒന്നാം തീയതി ആരംഭിച്ച രാമായണ പാരായണം എല്ലാ ദിവസവും തുടര്‍ന്നു പോരുന്നു.

പിതാവിന്റെ വാക്കുകള്‍ സത്യമാക്കുവാന്‍, രാജ്യമുപേക്ഷിച്ച് പതിനാലു വര്‍ഷം കാനന വാസത്തിന് ശ്രീരാമന്‍ പുറപെട്ടപ്പോള്‍ സഹോദരനായ ഭരതന്‍ അമ്മാവന്‍റെ രാജ്യസന്ദര്‍ശനത്തിലായിരുന്നു. തിരികെ എത്തിയപ്പോള്‍ ജേഷ്ട സഹോദരന്റെ ത്യാഗവും, അതുമൂലം സംഭവിച്ച പിതാവിന്റെ വിയോഗവും അറിഞ്ഞ് അതീവ ദുഃഖിതനായി. ഇതിനെല്ലാം കാരണക്കാരി എന്ന് ഭരതന്‍ വിശ്വസിച്ച, മാതാവായ കൈകേകിയെ പരുഷ വാക്കുകളാല്‍ കുറ്റപ്പെടുത്തി, ജീവത്യാഗത്തിനൊരുങ്ങി. ഗുരുക്കന്‍ മാരും, മറ്റുള്ള ബന്ധുക്കളും അതില്‍ നിന്നും ഭരതനെ പിന്തിരിച്ചപ്പോള്‍, ഉടന്‍ തന്നെ കാനനത്തിലേക്ക് പുറപ്പെട്ട് ശ്രീരാമനെ തിരികെ കൊണ്ടുവന്ന് രാജാവായി അവരോധിക്കാം എന്നു തീരുമാനിച്ച് കാട്ടിലേക്ക് പുറപെട്ടു. ഭരതന്റെ കഠിന ശ്രമം നിഷ്ഫലായി എങ്കിലും, ശ്രീരാമന്‍ തന്‍റെ പാദുകം ഭരതന് കൊടുത്തുവിടാന്‍ തയ്യാറായി. രാജാവിന്റെ സിംഹാസനത്തില്‍, ശ്രീരാമന്‍ തിരികെയെത്തുന്നതുവരെയുള്ള പതിനാലുവര്‍ഷം ഈ പാതുകങ്ങള്‍ പ്രതിഷ്ഠിച്ച് , കാനന വാസികളുടെ വസ്ത്രം ധരിച്ച് , ശ്രീരാമ പ്രതിനിധി ആയിട്ടാണ് ഭരതന്‍ രാജ്യ ഭരണം നടത്തിയത്. കാട്ടില്‍ നിന്നും ശ്രീരാമ പാതുകങ്ങള്‍ ഭരതനും ശത്രുഘ്‌നനും വഹിച്ചു കൊണ്ട് അയോദ്ധ്യ യിലേക്ക് നടത്തിയ ഘോഷയാത്രയെ അനുസ്മരിക്കാനാണ് ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്.

ക്ഷേത്ര പൂജാരി ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരി തന്റെ പ്രഭാഷണത്തില്‍ പാദുകത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. മര്‍ത്ത്യന്‍ എന്നാല്‍ മരണമുള്ളവന്‍ എന്നര്‍ത്ഥം, എന്നാല്‍ മരണത്തെ അതിജീവിക്കുന്നവര്‍ ത്യാഗം ചെയ്തവര്‍ മാത്രം. സമൂഹത്തിന് വഴികാട്ടിയായി ത്യാഗപ്രവര്‍ത്തികളിലൂടെ ജീവിച്ചിട്ടുള്ളവരെ അനേകായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറക്കാന്‍ പ്രയാസം. രാജാവിന്‍റെ എല്ലാഅധികാരങ്ങളും സുഖങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, രാജാവായ ദശരഥന്‍, പുത്രനായ ശ്രീരാമന് രാജ്യഭരണം കൈമാറാന്‍ സന്തോഷപൂര്‍വ്വം സന്നദ്ധനാകുന്നു. പിതാവിന്‍റെ വാക്കുകള്‍ സത്യമാക്കുവാന്‍ ശ്രീരാമന്‍ രാജ്യം ഉപേക്ഷിച്ച് കാനന വാസത്തിനു പോകുന്നു. ഭര്‍ത്താവിനെ പരിചരിക്കാനായി സീതാദേവിയും കാട്ടിലേക്ക് അനുഗമിക്കുന്നു. ജേഷ്ഠനെയും, ജേഷ്ഠ പത്‌നിയെയും സംരക്ഷിക്കുവാന്‍ ലക്ഷ്മണനു കൂടെ പോകാന്‍ രണ്ടുപ്രാവശ്യം ആലോചിക്കേണ്ടി വന്നില്ല. പതിനാലു വര്‍ഷം ഭര്‍ത്താവിനെ പിരിഞ്ഞു നില്‍ക്കുന്ന വിരഹ ദുഃഖം ലക്ഷ്മണ പത്‌നി ഊര്‍മ്മിള കടിച്ചമര്‍ത്തുന്നു. രാജ്യഭരണം കയ്യില്‍ കിട്ടിയിട്ടും, ശ്രീരാമ പാദുകം സിംഹാസനത്തില്‍ സ്ഥാപിച്ച് ,കാനന വാസികള്‍ ജീവിക്കുന്നതു പോലെ പതിനാലു വര്‍ഷം ജീവിച്ചു, ഭരതന്‍. ഭരതന്‍റെ വാക്കുകള്‍ക്ക് എതിര്‍വാക്കില്ലാതെ ശിരസ്സാ വഹിച്ച ശത്രുഘ്‌നന്‍. ആരാണ് അധികം ത്യാഗം ചെയ്തത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം. രാമായണം നല്‍കുന്ന സന്ദേശം അല്പമെങ്കിലും മനസ്സിലാക്കാന്‍, ഭരണം പിടിച്ചെടുക്കാനും, ഭരണത്തില്‍ തുടരാനും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അധര്‍മ്മങ്ങളെ വിലയിരുത്തിയാല്‍ മതി. ത്യാഗത്തിന്റെയും, നിര്‍മ്മല സ്‌നേഹത്തിന്‍റെയും, ധര്‍മ്മത്തിന്റെയും പ്രതീകമായി ശ്രീരാമപാദുകങ്ങളെ കണക്കാക്കുവാന്‍ ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരി ഭക്ത ജനങ്ങളെ ഓര്‍മിപ്പിച്ചു.കേരളാ ഹിന്ദു സൊസൈറ്റി ചെയര്‍മാന്‍ രാജേന്ദ്ര വാരിയര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

Picture2

Picture3