ഇന്നലെകൾ …(നൊസ്റ്റാൾജിയ -3)

ഡോ.എസ്.രമ
നിറവും ജീവനും ഉള്ള സ്വപ്‌നങ്ങളെ
ചേർത്ത് പിടിച്ച പകലുറക്കങ്ങളിലാണ്
വർത്തമാനകാലത്തിലേക്ക്
ഇന്നലെകൾ പെയ്തിറങ്ങിയത്…

അന്നത്തെ സുഷുപ്തിയുടെ
സുന്ദരവർണ്ണങ്ങളിൽ
അശോകമരത്തെ പുണർന്നൊരു
മുല്ലവള്ളിയുണ്ടായിരുന്നു..
പൂത്തുലഞ്ഞു നിന്നൊരു
പവിഴമുല്ലയുണ്ടായിരുന്നു.
ചെമ്പരത്തിയും പിച്ചിയും
ഇലഞ്ഞിയുമുണ്ടായിരുന്നു..
ചുവന്നു തുടുത്ത സന്ധ്യയിൽ
പാതി വിടർന്ന മുല്ലമൊട്ടുകൾ
സ്വന്തമാക്കിയൊരു പെൺകുട്ടിയും.

മുടിയിഴകളിൽ പൂക്കളുടെ
സുഗന്ധമൊളിപ്പിച്ച പെൺകുട്ടി…
വെളുത്തു മെലിഞ്ഞ പിച്ചി പൂക്കൾ
ഇളം മഞ്ഞ ഇലഞ്ഞി പൂക്കൾ
നിറം ചാലിച്ച പവിഴമുല്ല പൂക്കൾ
മാറി മാറി അവളങ്ങിനെ ചൂടികൊണ്ടേയിരുന്നു…..

ഉണർവിൽ ഞാനോർത്തു….
ഭാര്യയുടെയും അമ്മയുടെയും മുഖങ്ങളിൽ
നഗരത്തിലേക്ക് ചേക്കേറിയ പെൺകുട്ടിയെ
നഗരത്തിന്റെ നിറങ്ങളിൽ
കൃത്രിമത്വങ്ങളിൽ, കപടതകളിൽ
അലിഞ്ഞു ചേർന്ന ഒരുവൾ….

വഴിയോരങ്ങളിൽ ഭംഗിയിൽ കോർത്ത
മുല്ലമാലകൾ ഉണ്ടായിരുന്നു..
വിലയിട്ട,സുഗന്ധം നഷ്ടപ്പെട്ട
ചൂടുന്നതിനു മുന്നേ വാടിയ മാല്യങ്ങൾ…

മറക്കാതെല്ലാ ഒഴിവു കാലത്തും
മുല്ലയും പിച്ചിയും പവിഴമുല്ലയും
പൂക്കൾ കരുതി വച്ചത്
അവൾക്ക് വേണ്ടി മാത്രം…

വെയിലിലും മഴയിലും
കാലം ഒഴുകി…
വെട്ടിനിരത്തലുകളുടെ ആധുനികതയും…
അശോകവും മുല്ലവള്ളിയും
പവിഴമുല്ലയും പിച്ചിയും
ഇലഞ്ഞിയും ഒക്കെ പേരുകളായി….

നഗ്നമായ മണ്ണിലേക്ക് സൂര്യരശ്മികൾ
ആഞ്ഞു പതിച്ചപ്പോൾ
നിറഞ്ഞു തുളുമ്പിയ മിഴികൾ
ആ ഒഴിവുകാലത്തിന്റെ സ്വകാര്യമായിരുന്നു..
പെൺകുട്ടിയുടെ മാത്രം സ്വകാര്യം..

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ